ന്യൂഡല്‍ഹി : വനിത സംവരണ ബില്ലില്‍ (Women's Reservation Bill) ഒപ്പിട്ട് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു (President Droupadi Murmu). ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലുമുള്‍പ്പടെ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിനാണ് രാഷ്‌ട്രപതി അംഗീകാരം നല്‍കിയത്. കേന്ദ്ര നിയമ മന്ത്രാലയമാണ് (Law Ministry) ഇത് വ്യക്തമാക്കിയുള്ള വിജ്ഞാപനം പുറത്തിറക്കിയത് (President's Assent To Womens Reservation Bill).
വെള്ളിയാഴ്‌ച പുറത്തുവന്ന വിജ്ഞാപനത്തില്‍ വനിത സംവരണ ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നല്‍കിയതായി നിയമ മന്ത്രാലയം അറിയിച്ചു. ഇനി ഇത് ഔദ്യോഗികമായി ഭരണഘടനയിലെ (106ാം ഭേദഗതി) നിയമമെന്ന് അറിയപ്പെടുമെന്നും, അതിലെ വ്യവസ്ഥ അനുസരിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം നടത്തുന്ന തീയതി വഴി പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.
ഒപ്പുവച്ച് ഉപരാഷ്‌ട്രപതിയും : പാർലമെന്‍റ് പാസാക്കിയ വനിത സംവരണ ബില്ലിൽ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ ജഗ്‌ദീപ് ധൻഖർ ഇന്ന് ഒപ്പുവച്ചിരുന്നു. തുടര്‍ന്നാണ് ബിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചത്. ഈ മാസം ആദ്യം നടന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലാണ് ഭരണഘടന ഭേദഗതി ബിൽ ലോക്‌സഭയും രാജ്യസഭയും ഒരുപോലെ പാസാക്കിയത്.
വനിത സംവരണ ബില്‍ സഭയില്‍ : പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസമാണ് ലോക്‌സഭയിൽ വനിത സംവരണ ബിൽ പാസായത്. ലോക്‌സഭയിൽ 454 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ രണ്ട് അംഗങ്ങൾ എതിർക്കുകയും ചെയ്‌തു. തുടര്‍ന്ന് നാലാം ദിവസമാണ് രാജ്യസഭയിൽ ബിൽ പാസായത്. എന്നാല്‍ രാജ്യസഭയിൽ ഏകകണ്‌ഠമായാണ് ബിൽ പാസാക്കിയത്. അതായത് രാജ്യസഭയിലെ 215 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.
പാർലമെന്‍റിൽ 'നാരീ ശക്തി വന്ദൻ അധിനിയം' പാസാക്കിയതോടെ, രാജ്യത്ത് സ്ത്രീകൾക്ക് കൂടുതൽ ശക്തമായ പ്രാതിനിധ്യത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും യുഗം ആരംഭിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ഇത് കേവലം ഒരു നിയമനിർമാണമല്ലെന്നും നമ്മുടെ രാഷ്ട്രത്തെ സൃഷ്‌ടിച്ച എണ്ണമറ്റ സ്ത്രീകൾക്കുള്ള ആദരവാണെന്നും പാർലമെന്‍റിൽ ബിൽ പാസാക്കിയ ശേഷം പ്രധാനമന്ത്രി പറഞ്ഞിരുന്നു.
നാം ഇത് ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകളുടെയും ശക്തി, ധൈര്യം, അജയ്യമായ ചൈതന്യം എന്നിവയെക്കുറിച്ച് ഓർമിപ്പിക്കുകയാണെന്നും അവരുടെ ശബ്‌ദം കൂടുതൽ ഫലപ്രദമായി കേൾക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയാണ് ഈ ചരിത്രപരമായ നടപടിയെന്നും പ്രധാനമന്ത്രി എക്‌സിലും കുറിച്ചു. അതേസമയം വനിത സംവരണം നടപ്പിലാകുന്നതോടെ ലോക്‌സഭയിൽ വനിത പ്രാതിനിധ്യം 181 ആയി ഉയരും.
കേരളത്തില്‍ എന്ത് മാറ്റം വരും : 20 ലോക്‌സഭ എംപിമാരില്‍ ആറുപേര്‍ സ്‌ത്രീകളാകും. മാത്രമല്ല നിയമസഭകളിലും പ്രാതിനിധ്യം ഉയരുമെന്നതിനാല്‍, കേരളത്തില്‍ വനിത എംഎല്‍എമാരുടെ എണ്ണം 46 ആകും. അതേസമയം നിലവില്‍ കേരള നിയമസഭയില്‍ 11 വനിത പ്രതിനിധികളാണുള്ളത്. കൂടാതെ ബില്‍ പ്രകാരം പട്ടിക ജാതി - പട്ടിക വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കായി മാറ്റിവയ്‌ക്കും.