പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപിയും സഖ്യകക്ഷികളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു.
തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഡിഎംകെ സര്‍ക്കാരിന് അധികാരം നഷ്ടമായത്. കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരുടെ കൂട്ടരാജിയെത്തുടര്‍ന്ന് പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസിലാവുകയായിരുന്നു. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍നിന്ന് ആറ് എംഎല്‍എമാരാണ് രാജിവച്ചത്. ആറ് എംഎല്‍എമാര്‍ രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി.
എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ നാരായണസാമി രാജിവച്ചിരുന്നു. പ്രതിപക്ഷമായ ബിജെപിയും ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍ആര്‍ കോണ്‍ഗ്രസും സര്‍ക്കാരിനെ അട്ടിമറിച്ചതായി നാരായണസാമി ആരോപിച്ചു.