ലഖ്‌നൗ: ഉത്തർ പ്രദേശിൽ ഉരുളക്കിഴങ്ങ് സംഭരണ കേന്ദ്രത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് എട്ട് പേർ മരിച്ചു. സാംബാൽ മേഖലയിലുള്ള ഉരുളക്കിഴങ്ങ് സംഭരണ കേന്ദ്രത്തിൽ ഇന്നലെ രാവിലെ 11.30നാണ് അപകടം നടന്നത്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് 11 പേരെ രക്ഷപ്പെടുത്തി.
നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും മൊറദബാദ് ഡിഐജി ശലബ് മാതുർ പറഞ്ഞു. കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുന്ന ആളുകളെ കണ്ടെത്താൻ സ്‌നിഫർ നായ്‌ക്കളെ ഉപയോഗിക്കുന്നതായി സംബാൽ ഡിഎം മനിഷ് ബൻസൽ അറിയിച്ചു. ഗോഡൗണിന് ഒരു ബെസ്‌മെന്‍റ് ഉണ്ടെന്നും അവിടേയ്‌ക്ക് എത്തിപ്പെടാനുള്ള പരിശ്രമത്തിലാണെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
കെട്ടിടം തകർന്ന് വീഴാറായ അവസ്ഥയിലാണ് ഉണ്ടായിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഗോഡൗൺ ഉടമസ്ഥരായ അങ്കൂർ അഗർവാൾ, രോഹിത് അഗർവാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 304 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ലഖ്‌നൗവിൽ കെട്ടിടം തകർന്ന് മരണം: ഒന്നരമാസം മുൻപ് ഉത്തർ പ്രദേശിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരണപ്പെട്ടിരുന്നു. ലഖ്‌നൗവിലെ വസീർ ഹസ്‌റത്ഹജ്‌ഞ് റോഡിൽ ജനുവരി 24 നാണ് അപകടം നടന്നത്. ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ രക്ഷപ്രവർത്തനത്തിൽ നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു.
പള്ളി പൊളിക്കുന്നതിനിടെ മിനാരം തകർന്നു: കാസർകോട് ഒരു മാസം മുൻപ് പള്ളി പൊളിക്കുന്നതിനിടെ മിനാരം തകർന്ന് വൈദ്യുത തൂണിൽ വീണിരുന്നു. ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായാണ് റോഡരികിലുള്ള പള്ളി പൊളിച്ചു നീക്കാൻ തീരുമാനിച്ചത്. എന്നാൽ പൊളിക്കുന്നതിനുള്ള പണികൾ നടത്തുന്നതിനിടെ മിനാരം വലിയ ശബ്‌ദത്തോടെ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ആളപായമുണ്ടായിട്ടില്ല.