ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മോദിയുടെ 76ാമത് പ്രസംഗമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് മോദിയുടെ പ്രസംഗം. വാക്‌സിനേഷൻ അടക്കമുള്ള കാര്യങ്ങളില്‍ മോദി മറുപടി പറയുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 3,46,786 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവം ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 2,624 പേരാണ് ഒറ്റ ദിനം മരണപ്പെട്ടത്.
മോദിയുടെ മുന്‍പത്തെ മന്‍ കി ബാത്തില്‍ ജനങ്ങളോട് കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കാര്‍ഷിക മേഖലയില്‍ നവീകരണം കൊണ്ടുവരണമെന്നും, പരമ്പരാഗത കൃഷി രീതികള്‍ക്കൊപ്പം പുതിയ ബദലുകള്‍ സ്വീകരിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: 'സമ്പദ് വ്യവസ്ഥയ്ക് താങ്ങാനാകില്ല'; രാജ്യവ്യാപക ലോക്ക്ഡൗൺ പരിഹാരമല്ലെന്ന് മോദി
ആകാശവാണി, ദൂരദർശൻ എന്നിവയുടെ മുഴുവൻ ശൃംഖലയിലും, ആകാശവാണി ന്യൂസ് വെബ്‌സൈറ്റായ www.newsonair.com, ന്യൂസ് ഓണെയർ മൊബൈൽ ആപ്പ് എന്നിവയിലും പ്രധാനമന്ത്രിയുടെ പരിപാടി സംപ്രേഷണം ചെയ്യും. ആകാശവാണി, ഡിഡി ന്യൂസ്, പിഎംഒ, ഇൻഫർമേഷൻ ആന്‍റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം എന്നിവയുടെ യൂട്യൂബ് ചാനലുകളിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ഹിന്ദി പ്രക്ഷേപണം കഴിഞ്ഞയുടന്‍ തന്നെ ആകാശവാണി പ്രാദേശിക ഭാഷകളിലും പരിപാടി പ്രക്ഷേപണം ചെയ്യും.