ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സൗജന്യ റേഷൻ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്‌ത ഭക്ഷ്യോത്‌പന്ന പാക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേയും ചിത്രങ്ങള്‍ പതിപ്പിച്ചത് വിവാദമാകുന്നു. സംസ്ഥാനത്തെ 80,000 റേഷൻ കടകളിലൂടെ വിതരണം ചെയ്‌ത ഉപ്പ്, ശുദ്ധീകരിച്ച എണ്ണ, പരിപ്പ് എന്നിവയുടെ പാക്കറ്റുകളിലാണ് മോദിയുടേയും യോഗിയുടേയും ചിത്രങ്ങളുള്ളത്.
ചില പാക്കറ്റുകളിൽ 'സോച്ച് ഇമന്ദാർ, കാം ദംദാർ' (സത്യസന്ധമായ ചിന്ത, ഉറച്ച കൃത്യനിര്‍വഹണം) എന്ന മുദ്രാവാക്യവും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചത്. യുപി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനായി ഇവ ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം.
പ്രധാനമന്ത്രി 'ഗരീബ് കല്യാൺ അന്ന യോജന' നാല് മാസത്തേക്ക് (2021 ഡിസംബർ മുതൽ 2022 മാർച്ച് വരെ) നീട്ടുമെന്ന് കേന്ദ്രം നവംബര്‍ അവസാനത്തോടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് മഹാമാരിക്കാലത്ത് ആരംഭിച്ച പദ്ധതി പ്രകാരം ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും 5 കിലോ അധിക റേഷൻ സൗജന്യമായി ലഭിക്കും.
Also read: കര്‍ണാടകയില്‍ ക്രിസ്‌ത്യന്‍ മതഗ്രന്ഥങ്ങള്‍ കത്തിച്ച് തീവ്രഹിന്ദു ഗ്രൂപ്പ്
ഇതിന് പുറമേ ഒരു കിലോഗ്രാം വീതം പരിപ്പ്, ഉപ്പ്, വെളിച്ചെണ്ണ എന്നിവ നൽകുന്നതാണ് പുതിയ റേഷന്‍ പദ്ധതി (നിഷുൽക് റേഷൻ വിതരൺ മഹാ അഭിയാൻ). 2022 മാർച്ച് വരെ 15 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ റേഷന്‍ ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
മോദിയുടേയും യോഗിയുടേയും ഫോട്ടോ പതിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും എസ്‌പിയും രംഗത്തെത്തി. പാവങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണിതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്‌ടമുണ്ട്. പക്ഷെ, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് പകരം ജനങ്ങൾക്ക് ഭക്ഷണപ്പൊതികൾ നൽകുന്നു.
ഇത് പാവപ്പെട്ടവരുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. ബിജെപി പാവപ്പെട്ടവരുടെ ആത്മാഭിമാനം കൊണ്ട് കളിക്കാൻ ശ്രമിക്കുകയാണെന്ന് യുപി കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ബ്രാൻഡിങ് തന്ത്രമെന്നായിരുന്നു സമാജ്‌വാദി പാർട്ടിയുടെ വിമര്‍ശനം.