ബെംഗളൂരു : കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോലാറിൽ എത്തും. കോലാറിൽ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് മോദി സംസാരിക്കും. ദേശീയ രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്‌ടിച്ച സ്ഥലമാണ് കോലാർ.
കോലാറിൽ വച്ചുള്ള രാഹുൽ ഗാന്ധിയുടെ 'മോദി' പരാമർശവും സൂറത്ത് കോടതി വിധിയും കോൺഗ്രസിനെ അപ്പാടെ പിടിച്ചു കുലുക്കിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് സമയത്ത് കോലാറിൽ നടന്ന പ്രചാരണ റാലിക്കിടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദപരമായ മോദി പരാമർശം. തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ശിക്ഷ വിധിക്കുകയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുകയും ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയും ചെയ്‌തു. ഇതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കോലാറിൽ എത്തുന്നത്.
ഇന്നലെ കർണാടകയിൽ ബിജെപി സംഘടിപ്പിച്ച യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന് പ്രധാനമന്ത്രി യോഗത്തിൽ സംസാരിക്കവെ പറഞ്ഞു. ബിദാർ ജില്ലയിൽ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ഇത്തരം പരാമർശങ്ങൾക്കെതിരെ കർണാടകയിലെ ജനങ്ങൾ വോട്ട് കൊണ്ട് മറുപടി പറയുമെന്നും മോദി കൂട്ടിച്ചേർത്തു.
തുടക്കത്തിൽ 'ചായക്കടക്കാരൻ' (chai walla) എന്ന് വിളിച്ചായിരുന്നു പരിഹസിച്ചിരുന്നത്. 'വിഷപ്പാമ്പ്' (Poisonous Snake) എന്ന് വിളിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അധിക്ഷേപിച്ചു. പിന്നീട് അദ്ദേഹം മാപ്പ് പറയുകയും പ്രസ്‌താവന പിൻവലിക്കുകയും ചെയ്‌തു. നല്ല ഭരണം നടത്തുകയും പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുകയും ചെയ്‌തിരുന്നുവെങ്കിൽ കോൺഗ്രസിന് ഇത്തരമൊരു ദയനീയ സ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ഖാർഗെയുടെ 'വിഷപ്പാമ്പ്' എന്ന പരാമർശത്തിനെതിരെ അമിത് ഷാ രംഗത്തെത്തിയിരുന്നു. ആളുകളെ വരുതിയിലാക്കാൻ കോൺഗ്രസിന് കഴിയില്ല. കാരണം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നിടത്തോളം അദ്ദേഹത്തിന് പിന്തുണ വർധിക്കും. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പ്രധാനമന്ത്രി ആഗോളതലത്തിൽ ഇന്ത്യയുടെ അഭിമാനം വർധിപ്പിച്ചു. ഇതുകൊണ്ട് തന്നെ കോൺഗ്രസിന് സംസാരിക്കാൻ വിഷയങ്ങളില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഇന്നലെ വൈകുന്നേരം ബെംഗളൂരുവിൽ റോഡ്‌ഷോ നടത്തിയ മോദി കർണാടക തലസ്ഥാനത്ത് രാത്രി തങ്ങിയ ശേഷം ഇന്ന് 11.30ന് തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യാനായി കോലാറിലേക്ക് പോകും. പിന്നീട് രാമനഗര ജില്ലയിലെ ചന്നപട്ടണയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.30ന് അവിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.45ന് ഹാസൻ ജില്ലയിലെ ക്ഷേത്രനഗരമായ ബേലൂരിൽ നടക്കുന്ന യോഗത്തെയും മോദി അഭിസംബോധന ചെയ്യും. തുടർന്ന്, വൈകുന്നേരം മൈസൂരുവിൽ റോഡ്‌ഷോ നടത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് പോകും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും, ഫലം മെയ് 13ന് പ്രഖ്യാപിക്കും.
Also read : 'കോൺഗ്രസ് നേതാക്കള്‍ എന്നെ അധിക്ഷേപിച്ചത് 91 തവണ'; കര്‍ണാടക വോട്ടുകൊണ്ട് മറുപടി പറയുമെന്ന് മോദി