ന്യൂഡല്‍ഹി : വൈകാതെ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi On Indian Economy Growth). ജി 20 ഉച്ചകോടിക്ക് മുന്‍പായി വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ജിഡിപി കേന്ദ്രീകൃത ലോകവീക്ഷണം ഇപ്പോള്‍ മനുഷ്യകേന്ദ്രീകൃതമായ ഒന്നിലേക്ക് മാറുകയാണെന്നും ഇന്ത്യ അതില്‍ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദശാബ്‌ദത്തിനുള്ളില്‍ ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ മുന്നിലെത്തി. ആയിരം വര്‍ഷം ഓര്‍മിക്കപ്പെടുന്ന വളര്‍ച്ചയ്‌ക്ക് അടിത്തറയിടാന്‍ ഇന്ത്യക്കാര്‍ക്ക് ഇന്ന് അവസരമുണ്ട്. ജി 20യില്‍ നമ്മുടെ വാക്കുകളും കാഴ്‌ചപ്പാടുകളും കേവലം വെറും ആശയങ്ങള്‍ എന്നതിലുപരി ഭാവിയിലേക്കുള്ള വഴിത്തിരിവായാണ് ലോകം കാണുന്നത്.
'100 കോടി വിശക്കുന്ന വയറുകളുള്ള രാജ്യമായാണ് ഇന്ത്യയെ വളരെ കാലമായി കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 100 കോടി അഭിലാഷമുള്ള മനസുകളുടേയും 200 കോടി നൈപുണ്യമുള്ള കൈകളുടേയും രാഷ്‌ട്രമായാണ് കാണുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമാകും. അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്‌ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല' - പ്രധാനമന്ത്രി പറഞ്ഞു.
ജി 20 യുടെ അധ്യക്ഷ പദവിയില്‍ രാജ്യത്തിന് ധാരാളം ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിലത് തന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. സബ്‌കാ സാത്ത്, സബ്‌കാ വികാസ് ലോകക്ഷേമത്തിനുള്ള തത്വമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ജി20 ഉച്ചകോടി സെപ്‌റ്റംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ആണ് നടക്കുന്നത്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 7) ഡല്‍ഹിയിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു (G20 Summit 2023). വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 8), ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ശേഷം 9, 10 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബൈഡന്‍ പങ്കാളിയാകും. ഊര്‍ജ പരിവര്‍ത്തനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ആഗോള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും (G20 Summit 2023 in New Delhi). അതേസമയം റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് എന്നിവര്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ജി20 ഉച്ചകോടിയില്‍ നിന്നുള്ള ഷിയുടെ പിന്‍മാറ്റം ആഗോള തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കൂടി വഴിവച്ചിരിക്കുകയാണ്.