ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിനിടെ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ ഐക്യ സഖ്യമായ 'ഇന്ത്യ'യിലെ കോണ്‍ഗ്രസിനെയും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയും പ്രത്യേകം പ്രത്യേകം പേരെടുത്താണ് അദ്ദേഹം വിമര്‍ശിച്ചത്.
'ഇന്ത്യ'യെ വിമര്‍ശിച്ച്: നിങ്ങളെല്ലാവരും ചേര്‍ന്ന് ബെംഗളൂരുവില്‍ കഴിഞ്ഞ ആഴ്‌ച യുപിഎയുടെ സംസ്‌കാര ചടങ്ങ് നടത്തി. സംസ്‌കാരച്ചടങ്ങ് നടത്തുന്നതിനിടയിലും നിങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഒപ്പം തന്നെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന് വെള്ള പൂശുകയും പാടുകള്‍ അടയ്ക്കുകയുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോരുത്തരും ക്രെഡിറ്റ് സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു. എന്നാല്‍ വിചിത്രമായത് ഇവരില്‍ പലര്‍ക്കും പച്ചമുളകും ചുവന്നമുളകും തമ്മിലുള്ള വ്യത്യാസം എന്തെന്നു പോലും അറിയാത്തവരാണെന്നതാണെന്നും അവരുടെയൊക്കെ തനിനിറം ഒരു നാള്‍ പുറത്തുവരുമെന്നും അദ്ദേഹം പരിഹസിച്ചു.
അവരുടെ ഭാവി തന്നെ ത്രിശങ്കുവിലാണ്. എന്‍ഡിഎയില്‍ രണ്ട് ഐ കൂട്ടിച്ചേര്‍ക്കുകയാണ് അവര്‍ ചെയ്‌തത്. അങ്ങിനെ അവര്‍ ഐഎന്‍ഡിഐഎയായെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജാജിയും കാമരാജും എംജിആറും വന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു മന്ത്രി പറയുന്നു ഇന്ത്യ തങ്ങള്‍ക്ക് പ്രധാനമല്ലെന്ന്. അവര്‍ക്ക് തമിഴ്‌നാട് ഇന്ത്യയിലല്ല. അവര്‍ പേര് മാത്രമാണ് മാറ്റിയതെന്നും പ്രവര്‍ത്തി പഴയത് തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് നേരെ രൂക്ഷമായ പരിഹാസം: ആശയങ്ങള്‍ മോഷ്‌ടിക്കുകയും കുടുംബത്തിന്‍റേതാക്കുകയുമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാപിച്ചത് ബ്രിട്ടീഷുകാരനാണ്. അവര്‍ക്ക് ഒറിജിനാലിറ്റി ഇല്ല. അവിടെയുള്ളതെല്ലാം ഒരു കുടുംബത്തിന്‍റേതാണ്. അതുകൊണ്ടുതന്നെ ഇത് ഇന്ത്യ സഖ്യമല്ല മറിച്ച് ഗമണ്ഡിയ സഖ്യമാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണം. കഴിഞ്ഞ വര്‍ഷം കേരളത്തിലെ വയനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു കോണ്‍ഗ്രസ് എംപിയുടെ ഓഫിസ് തകര്‍ത്തു. അത് കോണ്‍ഗ്രസ് ഓര്‍ക്കുന്നുണ്ടോ?. 1991 ല്‍ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം എങ്ങിനയാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ നേരിട്ടതെന്നത് മറന്നു പോയോ എന്നും അദ്ദേഹം ചോദ്യമെറിഞ്ഞു.
ജനങ്ങള്‍ക്ക് വികസനമാണ് വേണ്ടത്. പക്ഷേ കോണ്‍ഗ്രസിലുള്ളത് കുടുംബവാഴ്‌ചയാണ്. കുടുംബവാഴ്‌ചയെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കളെയെല്ലാം അവര്‍ തോല്‍പ്പിച്ചു. അംബേദ്‌കര്‍, ജഗ്‌ജീവന്‍ റാം, മൊറാര്‍ജി ദേശായി, ചന്ദ്രശേഖര്‍ അങ്ങിനെ പട്ടിക നീളും. അവരുടെ ഛായാചിത്രം പോലും പാര്‍ലമെന്‍റില്‍ അനുവദിച്ചിരുന്നില്ല. കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ വന്നപ്പോഴാണ് അവരുടെയൊക്കെ ചിത്രങ്ങള്‍ പാര്‍ലമെന്‍റില്‍ വച്ചതെന്നും പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.
ലങ്ക ദഹിപ്പിച്ചത് ഹനുമാനല്ലെന്ന് പ്രതിപക്ഷത്ത് നിന്ന് ആരോ പറയുന്നതു കേട്ടു. അതുകൊണ്ടൊക്കെയാണ് അവര്‍ 400 ല്‍ നിന്ന് 40ല്‍ എത്തിയത്. അതുകൊണ്ടാണ് ദരിദ്രരുടെ മക്കള്‍ ഇവിടെ ഇരിക്കുന്നത്. അതൊന്നും നിങ്ങള്‍ക്ക് ദഹിക്കില്ലെന്നും അവര്‍ വിമാനത്തില്‍ ജന്മദിനം ആഘോഷിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഹുലിനെ ഉന്നംവച്ച് മോദി: ഒരാള്‍ പറഞ്ഞു ഹൃദയം കൊണ്ട് സംസാരിക്കണമെന്ന്. അയാളുടെ മനസിനെക്കുറിച്ച് എനിക്ക് അറിയാം. അവര്‍ സ്വപ്‌നത്തില്‍പ്പോലും മോദിയെക്കുറിച്ച് ചിന്തിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രശ്‌നം എനിക്ക് മനസ്സിലാവും. പലതവണ അവര്‍ ഒരു നേതാവിനെ മുന്നേറ്റനിരയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചുവെന്നും അതെല്ലാം പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ പിആര്‍ ഉപയോഗിച്ച് അവര്‍ വീണ്ടും അതിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തുകാണ്ട് കോണ്‍ഗ്രസ് വേണ്ട: ജനം പറയും അവര്‍ കൊള്ളക്കാരാണെന്ന്. നിങ്ങള്‍ എന്തെല്ലാമാണ് വില്‍ക്കുന്നത്. അവര്‍ അടിയന്തരാവസ്ഥയെയും 1984 ലെ സിഖ് കലാപത്തെയും വിറ്റവരാണ്. കാറിന്‍റെ ജനാല താഴ്ത്തി നോക്കുമ്പോള്‍ അവര്‍ കാണുന്നതെല്ലാം അസാധാരണമായി തോന്നുമെന്നും അവരുടെ കട ഉടന്‍ പൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അവര്‍ക്ക് വേണ്ട സാമ്പത്തിക നയം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. അവര്‍ രാജ്യത്തെ കടക്കെണിയിലാക്കും. ജനങ്ങള്‍ തന്നെ അവരെ പാഠം പഠിപ്പിക്കും. ജനങ്ങള്‍ക്ക് അവരുടെ ഉറപ്പ് ഭരണ സ്‌തംഭനമാണ്. അവര്‍ക്ക് വികസിത ഭാരതത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും എന്നാല്‍ രാജ്യത്തെ ലോകത്തെ മൂന്നാമത്തെ വന്‍ശക്തിയാക്കുമെന്ന ഗ്യാരന്‍റിയാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അവര്‍ക്ക് ഒന്നും കേള്‍ക്കാനുള്ള ക്ഷമയില്ല. ആക്രമിക്കുക ഓടിയൊളിക്കുക എന്നതാണ് അവരുടെ നയം. മണിപ്പൂരിനെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വിശദമായി പറഞ്ഞതാണെന്നും രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് മണിപ്പൂരിലെ സഹോദരീ സഹോദരന്‍മാര്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.