ന്യൂഡൽഹി: കൊവിഡിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം വിതരണം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി പ്രഖ്യാപിച്ച പ്രതിമാസ സഹായം 4000 രൂപയാണ് പ്രധാനമന്ത്രി വിതരണം ചെയ്‌തത്. പിഎം കെയർ പദ്ധതിയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു അദ്ദേഹം ധനസഹായം വിതരണം ചെയ്‌തത്.
പദ്ധതി പ്രകാരം അർഹരായ സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് കൈമാറി. പിഎം കെയേഴ്‌സിന്‍റെ പാസ്‌ബുക്കും ആയുഷ്‌മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ഹെൽത്ത് കാർഡും പരിപാടിയിൽ കുട്ടികൾക്ക് കൈമാറി. ഹെൽത്ത് കാർഡ് വഴി അഞ്ച് ലക്ഷം രൂപ വരെ കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാകും.
ഉന്നത വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ കോഴ്‌സുകൾക്കും വിദ്യാർഥികൾക്ക് ലോൺ നൽകുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ വർഷം മെയ് 29നാണ് പ്രധാനമന്ത്രി പിഎം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്‌ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക.
'കൊവിഡിൽ കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ട ആളുകളുടെ സാഹചര്യം എത്ര ബുദ്ധിമുട്ടാണെന്ന് തനിക്കറിയാം. കുട്ടികളോട് താൻ സംസാരിക്കുന്നത് പ്രധാനമന്ത്രി എന്ന നിലയിലല്ല എന്നും ഒരു കുടുംബാംഗം എന്ന നിലയിലാണെന്നും' ചടങ്ങിൽ മോദി പറഞ്ഞു.
കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്‌തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്‌തമായ നിലനിൽപ്പിന് അവരെ പ്രാപ്‌തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. 23 വയസ് എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്‌പ ലഭ്യമാക്കും. പലിശ പിഎം കെയേഴ്‌സില്‍ നിന്നും അടയ്‌ക്കും.
പിഎം കെയർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി സർക്കാർ ഓൺലൈൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ അംഗീകാര പ്രക്രിയയും മറ്റ് എല്ലാ സഹായങ്ങളും സുഗമമാക്കുന്ന ഏകജാലക സംവിധാനമാണ് ഓൺലൈൻ പോർട്ടൽ.