ഹൈദരാബാദ്: നിശ്ചിതസമയപരിധിക്കുള്ളില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ പല വിദ്യാര്‍ഥികളും കഷ്‌ടപ്പെടുന്നത് ഇന്നൊരു പതിവ് കാഴ്‌ചയാണ്. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കാതിരിക്കാന്‍ സാധിക്കാത്തതിനാലാണ് പലര്‍ക്കും ഇക്കാര്യത്തില്‍ കാലതാമസം നേരിടേണ്ടി വരുന്നത്. ഇതേ പ്രശ്‌നം അഭിമുഖീകരിക്കുന്ന ഗവേഷക വിദ്യാര്‍ഥി കണ്ടെത്തിയ രസകരമായൊരു പരിഹാര മാര്‍ഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
'ഞാൻ പി.എച്ച്.ഡി ചെയ്യുന്നു, എന്നോട് സംസാരിക്കരുത്' എന്ന് തുടങ്ങുന്ന കുറിപ്പ് സ്വന്തം കാബിനില്‍ പതിപ്പിച്ചാണ് വിദ്യാര്‍ഥി നെറ്റിസണ്‍സ്‌മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. സംസാരിച്ചുതുടങ്ങിയാല്‍ തനിക്ക് നിര്‍ത്താന്‍ സാധിക്കില്ല. ജോലികള്‍ എല്ലാം തന്നെ മറ്റൊരുസമയത്തേക്ക് വൈകിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. ആവശ്യമുള്ളവര്‍ എന്നെ ഇ മെയിലിലൂടെ ബന്ധപ്പെടൂ എന്നാണ് വിദ്യാര്‍ഥിയുടെ വൈറല്‍ കുറിപ്പ്.
ഗവേഷക വിദ്യാര്‍ഥിയുടെ കാബിനില്‍ പതിപ്പിച്ചിരിക്കുന്ന ചിത്രം സ്‌റ്റീവ് ബിങ്‌ഹാം എന്ന വ്യക്തിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററില്‍ വൈറലായ ചിത്രം ഇതിനോടകം തന്നെ അനവധി പേരാണ് ചര്‍ച്ചയാക്കിയത്.