തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര നടപടിയെ സ്വാഗതം ചെയ്‌ത് കോൺഗ്രസും ലീഗും. പോപ്പുലർ ഫ്രണ്ട് നിരോധിച്ചത് നല്ല കാര്യമാണ്, അതുപോലെ ആർഎസ്എസിനെയും നിരോധിക്കണം. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർക്കേണ്ടതാണ്. വർഗീയത ആളിക്കത്തിക്കുന്ന കാര്യത്തിൽ രണ്ട് കൂട്ടർക്കും ഒരേ നിലപാടാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
വിഷയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീറും രംഗത്തെത്തി. പിഎഫ്‌ഐ നിരോധിച്ചത് കൊണ്ട് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കില്ല. ആർഎസ്‌എസിനും കടിഞ്ഞാണിടണം. യുവാക്കളെ വഴി തെറ്റിക്കുന്നവരെ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും എംകെ മുനീർ കോഴിക്കോട് പറഞ്ഞു.
ഖുർആൻ തെറ്റായി വ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. അക്രമത്തിന്‍റെ പാത സ്വീകരിക്കാനാണ് പോപ്പുലർ ഫ്രണ്ട് സമുദായ അംഗങ്ങളെ പ്രേരിപ്പിക്കുന്നത്. ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്ന് തെന്നെയാണെന്നും മുനീർ പറഞ്ഞു.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ തകർക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. അഞ്ചുവർഷത്തേക്കാണ് നിരോധനം. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്‌ഡിനും നേതാക്കളെയടക്കം കസ്‌റ്റഡിയിൽ എടുത്തതിനും ശേഷമാണ് നിരോധനം പ്രഖ്യാപിച്ചത്.
Read more:പി.എഫ്.ഐയേയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു