ഔറംഗാബാദ് (ബിഹാര്‍): ആപ്പിള്‍ കയറ്റി പോവുകയായിരുന്ന ട്രക്ക് തലകീഴായി മറിഞ്ഞു. അപകടം കണ്ട് ആളുകള്‍ ഓടിക്കൂടി. തങ്ങളെ രക്ഷിക്കാന്‍ ആളുകള്‍ എത്തി എന്ന് വിശ്വസിച്ച ഡ്രൈവറെയും ക്ലീനറെയും അമ്പരപ്പിച്ചുകൊണ്ട് തടിച്ചു കൂടിയവര്‍ ട്രക്കിലെ ആപ്പിള്‍ നിറച്ച പെട്ടികളും എടുത്ത് സ്ഥലം വിട്ടു. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം.
കശ്‌മീരിൽ നിന്ന് ആപ്പിളുമായി ഒഡിഷയിലേക്ക് പുറപ്പെട്ട ട്രക്കാണ് ഔറംഗാബാദില്‍ വച്ച് തലകീഴായി മറിഞ്ഞത്. വാഹനത്തില്‍ നിന്ന് 50 പെട്ടി ആപ്പിളാണ് നഷ്‌ടമായത്. ട്രക്ക് ഡ്രൈവര്‍ അഹമ്മദ് ഖാനും ക്ലീനർ നിസാറും ആപ്പിളുമായി പോകുന്നവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും മര്‍ദിച്ച് ആളുകള്‍ ആപ്പിളുമായി കടന്നു കളഞ്ഞു.
ഒടുവില്‍ പെലീസ് എത്തിയതോടെ സംഭവ സ്ഥലത്തു നിന്ന് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ട്രക്കിലെ ആപ്പിള്‍ എടുക്കാനായി ആളുകള്‍ തടിച്ചു കൂടിയപ്പോള്‍ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പിന്നീട് മന്ദപൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.