മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ മുൻ മുംബൈ പൊലീസ് മേധാവി പരംബീർ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനിടെ ശേഖരിച്ച രേഖകളും പ്രസ്താവനകളും സിബിഐ പരിശോധിച്ചു. പ്രാഥമിക അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ബോംബെ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് രേഖകൾ സിബിഐ പരിശോധിച്ചത്. അന്വേഷണ സമയത്ത് സ്വീകരിക്കേണ്ട കർമപദ്ധതിയും സിബിഐ തയാറാക്കുന്നു.
കേസിൽ ഇതുവരെ പരംബീർ സിങ്, അംബാനി കേസില്‍ സസ്പെൻഷനിലിരിക്കുന്ന സച്ചിൻ വാസെ, ഡിസിപി രാജു ബുജ്ബാൽ, എസിപി സഞ്ജയ് പട്ടീൽ, അഡ്വക്കേറ്റ് ജയ്ശ്രീ പട്ടീൽ, ഹോട്ടൽ ഉടമ മഹേഷ് ഷെട്ടി എന്നിവരെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ കാറുടമ താനെയിൽ നിന്നുള്ള വ്യവസായി മൻസുഖ് ഹിരൺ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് സച്ചിന വാസെ.
ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിങ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ബോംബെ ഹൈക്കോടതി കേസന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഏപ്രിൽ 5 ന് ദേശ്‌മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
മുംബൈയിലെ റസ്റ്ററന്‍റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്‍കാന്‍ ദേശ്‌മുഖ് സച്ചിന്‍ വാസെയോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടെന്നും നിരവധി കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നുമാണ് മന്ത്രിക്കതിരായ ആരോപണം.