ന്യൂഡൽഹി: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ തിരിമറികളെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷം. വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന ബഹളത്തെ തുടർന്ന് പാർലമെന്‍റിലെ ഇരു സഭകളും നിർത്തിവച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഇരുസഭകളും നിർത്തിവച്ചത്.
അദാനി വിഷയം സഭയിൽ ചർച്ച ചെയ്യാനുള്ള പ്രമേയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് അവതരിപ്പിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് അദാനി ഓഹരികളിലുണ്ടായ തകർച്ചയിൽ നിക്ഷേപകർക്കുണ്ടായ നഷ്‌ടത്തെ കുറിച്ച് പാർലമെന്‍റ് നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍റ ആവശ്യം.