പൂനെ (മഹാരാഷ്‌ട്ര) : ചാരവൃത്തി കേസില്‍ പിടിയിലായ ഡിആര്‍ഡിഒ (ഡിഫന്‍സ് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍) ഡയറക്‌ടര്‍ പ്രദീപ് കുരുല്‍ക്കറുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി തീവ്രവാദ വിരുദ്ധ സേന. പാക് ഏജന്‍റ് വിരിച്ച ഹണിട്രാപ്പില്‍ കുരുങ്ങിയാണ് പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാന് വിവരങ്ങള്‍ കൊമാറിയതെന്നാണ് ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡിന്‍റെ കണ്ടെത്തല്‍. ഇയാള്‍ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി ഇ മെയില്‍ വഴി ബന്ധപ്പെട്ടതായി ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടും വെളിപ്പെടുത്തുന്നുണ്ട്.
പ്രദീപ് കുരുല്‍ക്കറിനെ ഈ മാസം ഒമ്പത് വരെ ആദ്യം എടിഎസ് കസ്‌റ്റഡിയിൽ വിട്ടു. തുടർന്ന് ഒമ്പതിന് പൂനെയിലെ ശിവാജി നഗറിലെ കോടതിയിൽ ഹാജരാക്കി ഇയാളുടെ കസ്‌റ്റഡി കാലാവധി മെയ് 15 വരെ നീട്ടിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.
ഇമെയില്‍ വഴി ബന്ധപ്പെട്ടു : പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ഇ മെയില്‍ മുഖേന ബന്ധപ്പെട്ടതായി ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ടാണ് അടിവരയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ മൊബൈല്‍ഫോണ്‍ ലാപ്‌ടോപ്പ് എന്നിവകളില്‍ നിന്ന് നിരവധി സംഭാഷണങ്ങളും വിവരം കൈമാറുന്ന ഇ മെയിലുകളും ഫോറൻസിക് വിഭാഗം കണ്ടെടുത്തിട്ടുണ്ട്. അറസ്‌റ്റ് ചെയ്‌തയുടനെയുള്ള പ്രാഥമിക അന്വേഷണത്തില്‍ സമൂഹമാധ്യമങ്ങളായ വാട്‌സ്‌ആപ്പ്, ഫേസ്‌ബുക്ക് എന്നിവയിലൂടെ പാക് ഏജന്‍റുമായി ആശയവിനിമയം നടത്തുക മാത്രമല്ല, ഹണിട്രാപ്പിൽ കുരുങ്ങിയതായും കണ്ടെത്തിയിരുന്നു.
എല്ലാം ഹണിട്രാപ്പോ : കേസില്‍ ഒമ്പതാമത്തെ വാദം കേള്‍ക്കലിനിടെ ഡിആര്‍ഡിഒ ഗസ്‌റ്റ് ഹൗസില്‍ വച്ച് പ്രദീപ് കുരുല്‍ക്കര്‍ ചില സ്‌ത്രീകളെ കണ്ടിരുന്നതായി തീവ്രവാദ വിരുദ്ധ സേന കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതോടെ ആ സ്‌ത്രീകള്‍ ആരായിരുന്നു?, എന്തിനുവേണ്ടി കണ്ടുമുട്ടി തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ക്കായും എടിഎസ് അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. ഈ കണ്ടുമുട്ടലുകള്‍ക്കായി ഇയാള്‍ ഔദ്യോഗിക പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നോ എന്നത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മാത്രമല്ല ഈ കാലയളവില്‍ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രദീപ് കുരുല്‍ക്കര്‍, ഈ സമയങ്ങളില്‍ ആരെയെല്ലാം കണ്ടിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്നുണ്ട്.
ചാരന്മാരുമായി കൂടിക്കാഴ്‌ച : പലതവണയുള്ള തന്‍റെ വിദേശ പര്യടനങ്ങള്‍ക്കിടയില്‍ പ്രദീപ് കുരുല്‍ക്കര്‍ പാകിസ്ഥാൻ ചാരന്മാരുമായി കൂടിക്കാഴ്‌ച നടത്തിയതായും തീവ്രവാദ വിരുദ്ധ സേന സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ കൂടിക്കാഴ്‌ചകളില്‍ എന്ത് ഓഫിസ് രഹസ്യവിവരങ്ങളാണ് ഇവർ കൈമാറിയതെന്നും ഇതിനായി ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
മുമ്പും ഗുരുതര കണ്ടെത്തലുകള്‍ : അതേസമയം കേസില്‍ ഓരോ നിമിഷവും കൂടുതല്‍ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇയാളുമായി ബന്ധമുണ്ടായിരുന്ന പാകിസ്ഥാനി സ്‌ത്രീകളുടെ അശ്ലീല ഫോട്ടോകള്‍ ഇയാളുടെ കൈവശമുണ്ടെന്ന് സംഘം കണ്ടെത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ക്ക് പാക് രഹസ്യാന്വേഷണ ഏജന്‍റുമായി ബന്ധമുണ്ടെന്നും പാക് ഏജന്‍റുമാരായ സ്‌ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.