ന്യൂഡല്‍ഹി: ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്‍റെ പിതാവ് രമേഷ് അഗർവാൾ അന്തരിച്ചു. ഗുരുഗ്രാമിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം. വെള്ളിയാഴ്‌ചയാണ് കെട്ടിടത്തിന്‍റെ 20-ാം നിലയില്‍ നിന്ന് അദ്ദേഹം താഴേയ്‌ക്ക് വീണത്.
റിതേഷിന്‍റെ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് രമേഷ് അഗര്‍വാളിന്‍റെ മരണം. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. 'ഞങ്ങളുടെ വഴികാട്ടിയും കുടുംബത്തിന്‍റെ വെളിച്ചവുമായ എന്‍റെ അച്ഛന്‍ മാര്‍ച്ച് 10ന് അന്തരിച്ചുവെന്നും അദ്ദേഹത്തിന്‍റെ മരണം ഞങ്ങളുടെ കുടുംബത്തിന് തീരാനഷ്‌ടമാണെന്നും' റിതേഷ് അഗര്‍വാള്‍ തന്‍റെ പ്രസ്‌താവനയിലൂടെ അറിയിച്ചു. സമ്പൂര്‍ണ ജീവിതം നയിച്ച അദ്ദേഹം ദിവസവും ഞങ്ങള്‍ക്ക് പ്രചോദനമായിരുന്നു. അച്ഛന്‍റെ അനുകമ്പയും ഊഷ്‌മളതയുള്ള സ്വഭാവവുമാണ് ഞങ്ങളുടെ പ്രയാസകരമായ അവസ്ഥയില്‍ ഞങ്ങളെ മുന്നോട്ട് നയിച്ചതെന്നും റിതേഷ് അഗര്‍വാള്‍ പ്രസ്‌താവനയില്‍ പറയുന്നു.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നതാണെന്നും ദുഃഖസമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് രമേഷ് അഗര്‍വാളിന്‍റെ മരണത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിക്കുന്നതെന്ന് ഗുരുഗ്രാം ഈസ്റ്റ് ഏരിയ ഡിസിപി വൃത്തങ്ങളെ അറിയിച്ചു.
രമേഷ് അഗർവാൾ ഉയരമുള്ള കെട്ടിടത്തിന്‍റെ 20-ാം നിലയിൽ നിന്ന് വീണുവെന്നാണ് ഞങ്ങളോട് പറഞ്ഞത്. സംഭവം നടക്കുമ്പോൾ ഭാര്യയും മകൻ റിതേഷ് അഗർവാളും ഭാര്യയും വീട്ടിലുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം കുടുംബത്തിന് വിട്ടു കൊടുത്തുവെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. രമേഷിന്‍റെ മരണത്തില്‍ കുടുംബം പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം അന്വേഷണം നടത്തുകയും ചെയ്‌തു.
ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ്: പ്രമുഖ ഹോസ്‌പിറ്റാലിറ്റി ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് ഓയോ (OYO). 2012 ലാണ് റിതേഷ് അഗര്‍വാള്‍ ഓയോ റൂംസ് ആരംഭിച്ചത്. ഇന്ത്യ, മലേഷ്യ, യുഎഇ, നേപ്പാൾ, ചൈന, ബ്രസീൽ, മെക്‌സിക്കോ, യുകെ, ഫിലിപ്പീൻസ്, ജപ്പാൻ, സൗദി അറേബ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, വിയറ്റ്നാം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 80 രാജ്യങ്ങളില്‍ 800 നഗരങ്ങളിലായി 43,000-ലധികം സ്ഥലങ്ങളും ഒരു ദശലക്ഷം മുറികളുമാണ് ഓയോക്കുള്ളത്.
ഓയോ കമ്പനിയിലൂടെ നിരവധി പേര്‍ക്കാണ് തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. 2019ലെ കണക്ക് പ്രകാരം ആഗോള തലത്തില്‍ ഓയോയ്‌ക്ക് 17,000ത്തിലധികം ജീവനക്കാരുണ്ടായിരുന്നു. അതില്‍ ഏകദേശം 8000 പേര്‍ ഇന്ത്യയില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നുള്ളവരുമായിരുന്നു. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ദിദി ചുക്‌സിംഗ്, ഗ്രീനോക്‌സ് കാപിറ്റൽ, സെക്വോയ ഇന്ത്യ, ലൈറ്റ് സ്‌പീഡ് ഇന്ത്യ, ഹീറോ എന്‍റര്‍പ്രൈസ്, എയർബിഎൻബി, ചൈന ലോഡ്‌ജിങ് ഗ്രൂപ്പ് എന്നിവയാണ് ഓയോ കമ്പനിയിലെ നിക്ഷേപകര്‍.
ഇന്ത്യൻ മൾട്ടിനാഷണൽ ഹോസ്‌പിറ്റാലിറ്റി ശൃംഖല കൂടിയായ ഓയോ സ്ഥാപകന്‍ റിതേഷ് അഗർവാൾ രണ്ട് ദിവസം മുമ്പാണ് വിവാഹിതനായത്. ഫോർമേഷൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടര്‍ ഗീതാൻഷ സൂദാണ് അദ്ദേഹത്തിന്‍റെ ഭാര്യ.