ഭുവനേശ്വർ: ഒഡീഷയിലെ ബിജെപി നേതാവ് കുലമണി ബരാലയുടെ കൊലപാതക കേസിൽ നിയമ മന്ത്രി പ്രതാപ് ജെനയ്‌ക്ക് പങ്കുണ്ടെന്ന് ആരോപണം. കേസിൽ 12 പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ എംഎൽഎയ്‌ക്കും പങ്കുണ്ടെന്ന് ആരോപിച്ച് കുലമണി ബരാലയുടെ മകൻ രാമകാന്ത് ബരാല രംഗത്തെത്തുകയായിരുന്നു.
നവീൻ പട്നായിക് മന്ത്രിസഭയിൽ പഞ്ചായത്തിരാജ്, ഭവന, നഗരവികസനം, നിയമം എന്നീ വകുപ്പുകളുടെ ചുമതല പ്രതാപ് ജെനയ്‌ക്കാണ്. ഒഡീഷ സർക്കാരിൽ പ്രതാപ് ജെനയുടെ അഴിമതിക്കെതിരെ സംസാരിച്ചതിനാലാണ് കുലമണി ബരാലയെ കൊലപ്പെടുത്തിയതെന്ന് ബിജെപി ദേശിയ വക്താവ് സാംബിത് പാത്രയും ആരോപിച്ചു. ശനിയാഴ്‌ച്ച രാത്രിയോടെയാണ് കുലമണി ബരാലയും സുഹ്യത്ത് ദിബിയാസിങ് ബരാലയും അക്രമികളുടെ കുത്തേറ്റ് മരിച്ചത്.