ഹൈദരാബാദ് : സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ നിയന്ത്രിച്ചാല്‍ തന്നെ ജുഡീഷ്യറിയിലെ പകുതി പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് എന്‍വി രമണ. ഐഎസ്‌ബി ലീഡര്‍ഷിപ്പ് ഉച്ചകോടി 2022 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്‌തത അലോസരപ്പെടുത്തുന്നതാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. തന്‍റെ നേതൃത്വത്തില്‍ നടത്തിയ രാജ്യവ്യാപകമായ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു എന്‍വി രമണയുടെ പരാമര്‍ശം.
കോടതിയുടെ അധികാരങ്ങള്‍ പരിമിതം: 'കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ ഈ പ്രശ്‌നത്തെ കുറിച്ചുള്ള എന്‍റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ടതാണ് കൂടുതല്‍ വ്യവഹാരങ്ങളും. വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങള്‍, സേവന വിഷയങ്ങള്‍, സംവിധാനങ്ങളെ തടസപ്പെടുത്തുന്ന അധികാരികളുടെ ഇടപെടലുകള്‍ തുടങ്ങിയവ സംബന്ധിച്ചാണ് കൂടുതല്‍ നിയമനടപടികള്‍ സംഭവിക്കുന്നത്. ഇത് ഭയപ്പെടുത്തുന്നതാണ്' - എന്‍വി രമണ പറഞ്ഞു.
'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വിധിനിർണയത്തിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. സാമ്പത്തികമായുള്ള പിന്തുണയുടെയും നിയമനങ്ങളുടെയും കാര്യത്തിൽ ജുഡീഷ്യറിക്ക് അധികാരമില്ല. സർക്കാരുമായുള്ള ഏകോപനം ഞാണിന്മേല്‍ കളിയാണ്' - എന്‍വി രമണ വ്യക്തമാക്കി.
'ചീഫ് ജസ്റ്റിസായി സേവനമനുഷ്‌ഠിച്ച 16 മാസം സുപ്രീം കോടതി കൊളീജിയത്തിന് 11 ജഡ്‌ജിമാരുടെ നിയമനം ഉറപ്പാക്കണമായിരുന്നു. ഇതിന് പുറമെ വിവിധ ഹൈക്കോടതികളിലെ ജഡ്‌ജിമാരായി ശുപാർശ ചെയ്‌ത 255 പേരിൽ 233 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട് ' - എന്‍വി രമണ പറഞ്ഞു. ഭരണഘടനയെക്കുറിച്ചുള്ള അവബോധം വിദ്യാർഥികൾക്ക് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.