ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിയോകോവ് വൈറസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പരിഭ്രാന്തി വേണ്ടെന്ന് ശാസ്‌ത്രജ്ഞര്‍. രാജ്യത്ത് നിയോകോവ് വൈറസ് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ഐജിഐബിയിലെ ശാസ്‌ത്രജ്ഞന്‍ വിനോദ് സ്‌കറിയ പറഞ്ഞു. നിയോകോവ് കൊവിഡിന്‍റെ പുതിയ വകഭേദമല്ല. വവ്വാലുകളില്‍ കണ്ടുവരുന്ന കൊറോണ വൈറസാണെന്നും മനുഷ്യരിലേക്ക് വൈറസ് പകരില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ നിയോറോമിസിയ എന്ന ഇനം വവ്വാലിലാണ് നിയോകോവ് വൈറസ് ആദ്യമായി കണ്ടെത്തിയത്. മെര്‍സ് കൊവിന്‍റെ ജനതിക ഘടനയോട് 85 ശതമാനം സാമ്യമുള്ളതാണ് നിയോകോവിന്‍റെ ജനതിക ഘടന.
വൈറസിന്‍റെ സ്‌പെക്‌ട്രം മനസിലാക്കുന്നതിനായി ജെനോം സീക്വന്‍സിങ് വളരെ പ്രധാനമാണെന്ന് സ്‌കറിയ പറഞ്ഞു. സ്‌പില്‍ഓവര്‍ (ഒരു സ്‌പീഷ്യസില്‍ നിന്ന് മറ്റൊരു സ്‌പീഷ്യസിലേക്ക് വൈറസ് പ്രവേശിക്കുന്ന അവസ്ഥ) സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ മുന്നറിയിപ്പ് നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ മൃഗങ്ങളിലാണ് നിയോകോവ് വൈറസ് വ്യാപിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് സ്‌പില്‍ഓവര്‍ സംഭവങ്ങള്‍ അപൂര്‍വമാണെന്ന് സ്‌കറിയ പറഞ്ഞു. മനുഷ്യരുടെ എസിഇ റെസപ്‌റ്ററുകളുമായി നിയോകോവ് ബൈന്‍ഡ് ചെയ്യില്ലെന്നും എന്നാല്‍ കൃത്രിമ ജനതികമാറ്റത്തിലൂടെ ബൈന്‍ഡിങ് വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. തമോറിഷ് കോളെയും സമാന അഭിപ്രായം പങ്കുവച്ചു. 'പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കാരണം നിലവില്‍ വൈറസില്‍ നിന്ന് സ്‌പില്‍ഓവര്‍ സാധ്യതയില്ല. അതോടൊപ്പം തന്നെ ജെനോമിക് സീക്വന്‍സിങ് നടത്തേണ്ടത് വളരെ പ്രധാനമാണ്. വൈറസിന്‍റെ പുതിയ വകഭേദം ഉണ്ടാവുകയാണെങ്കില്‍ അതിനെ ജാഗ്രതയോടെ നേരിടുന്നതിനായി ഇത് സഹായിക്കും,' അദ്ദേഹം വ്യക്തമാക്കി.
ഒരൊറ്റ മ്യൂട്ടേഷനിലൂടെ (ജനിതകമാറ്റം) ഈ വൈറസിന് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള ശേഷി ലഭിക്കുമെന്നാണ് വുഹാന്‍ സര്‍വകലാശാല, ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്‌സിന്‍റെ ഗവേഷകര്‍ പറയുന്നത്. മെര്‍സ് വൈറസുമായി നിയോകോവിന് അടുത്ത ബന്ധമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. നിയോകോവ് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Also read: പുതിയ കൊവിഡ് വരുന്നു... ഉയര്‍ന്ന മരണനിരക്കും വ്യാപനശേഷിയുമുള്ള 'നിയോകോവി'നെ കണ്ടെത്തി