ന്യൂഡൽഹി: ആര്‍ബിഐ പിന്‍വലിച്ച 2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഐഡി കാർഡോ അപേക്ഷ ഫോമോ നല്‍കേണ്ടതില്ലെന്ന് എസ്‌ബിഐ. സ്ഥാപനം പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച്, ഒരു സമയം 2,000 രൂപയുടെ പരമാവധി പത്ത് നോട്ടുകൾ മാറ്റാമെന്നും പറയുന്നു. എസ്ബിഐ മെയ് 19ന് പുറത്തിറക്കിയ അനുബന്ധം മൂന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2,000 രൂപയുടെ നോട്ടുകൾ മാറാന്‍, ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണമെന്നും ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്നുമുള്ളവ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് എസ്ബിഐ വിശദീകരണവുമായി രംഗത്തെത്തിയത്. നോട്ടുകൾ മാറിയെടുക്കാന്‍ ഫീസ് നല്‍കേണ്ട ആവശ്യമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ബിഐ പ്രഖ്യാപനം മെയ് 19ന്: പൊതുജനങ്ങൾക്ക് യാതൊരുവിധ അസൗകര്യവും ഇല്ലാതെ സുഗമവും തടസവുമില്ലാതെ പണം മാറ്റിയെടുക്കാന്‍ വേണ്ടിയാണ് എസ്‌ബിഐയുടെ ഈ നീക്കം. 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനം മെയ് 19നാണ് പുറത്തുവന്നത്. ഈ നോട്ടുകളുടെ വിതരണം നിര്‍ത്താനാണ് ആര്‍ബിഐ നിര്‍ദേശം. നിലവില്‍ 2,000 രൂപയുടെ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാവുന്നതാണ്.
ALSO READ | Explained: 2000 നോട്ട് 'ഔട്ട്', കാലാവധി കഴിഞ്ഞെന്ന് റിസര്‍വ് ബാങ്ക്; ഇനിയെന്ത് എന്നറിയാം
ഈ വര്‍ഷം സെപ്‌റ്റംബര്‍ 30വരെ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നും നോട്ടുകള്‍ മാറാന്‍ ആര്‍ബിഐയുടെ 19 ബ്രാഞ്ചുകളില്‍ സൗകര്യമൊരുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. മെയ് 23 മുതൽ ഇതിനുള്ള സൗകര്യം ലഭ്യമാവുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ബാങ്കില്‍ നിന്ന് പരമാവധി മാറിയെടുക്കാന്‍ കഴിയുന്ന തുക 20,000 രൂപയാണ്. 2016ലാണ് 2,000ത്തിന്‍റെ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ അവകാശവാദങ്ങളോടെയാണ് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്. ശേഷമാണ് 2,000ത്തിന്‍റെ നോട്ടുകള്‍ പുറത്തിറങ്ങിയത്.
നോട്ട് പിന്‍വലിക്കലിനെതിരെ രൂക്ഷ വിമര്‍ശനം: ഈ നോട്ടുകള്‍ ലഭ്യമായതിന്‍റെ ഏഴാം വര്‍ഷത്തിലാണ് ഇപ്പോഴുള്ള പിന്‍വലിക്കല്‍. അപ്രതീക്ഷിതമായാണ് 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പ്രഖ്യാപിച്ചത്. ഓഹരി വിപണിയിലെ പ്രതികൂലമായ ആഘാതം ഒഴിവാക്കാനാണ് നോട്ട് പിന്‍വലിക്കുന്നതെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി.
1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് പ്രകാരമാണ് ആർബിഐ സ്ഥാപിതമായത്. രാജ്യത്ത് ബാങ്ക് നോട്ടുകളുടെ വിതരണം നിയന്ത്രിക്കുന്നതിനും കരുതൽ ശേഖരം സൂക്ഷിക്കുന്നതിനുമായാണ് ആര്‍ബിഐ സ്ഥാപിച്ചത്. ഇന്ത്യയിൽ പണ സ്ഥിരത ഉറപ്പാക്കുകയും രാജ്യത്തിന്‍റെ കറൻസിയും ക്രെഡിറ്റ് സംവിധാനവും രാജ്യത്തിന്‍റെ നേട്ടത്തിനായി പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ആർബിഐ ആക്‌ടിന്‍റെ ലക്ഷ്യം. ആര്‍ബിഐ നിയമത്തിലെ സെക്ഷൻ 22 പ്രകാരം ബാങ്ക് നോട്ടുകൾ പുറത്തിറക്കാനുള്ള രാജ്യത്തെ ഏക അധികാര കേന്ദ്രമാണ് ആര്‍ബിഐ. പുറത്തിറക്കിയ ബാങ്ക് നോട്ടുകള്‍ നിരോധിക്കാനും പ്രചാരത്തിലുള്ള നോട്ടുകള്‍ പിന്‍വലിക്കാനുമുള്ള അധികാരവും റിസര്‍വ് ബാങ്കിനുണ്ട്.