ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മൂന്നാം ദിവസം സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2013ല്‍ ലോകത്തെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥ നില നിന്ന രാജ്യങ്ങളിലൊന്നായി അറിയപ്പെട്ട ഇന്ത്യ ഇന്ന് അതിവേഗ വളര്‍ച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയായി മാറി. വമ്പിച്ച പണപ്പെരുപ്പവും വളര്‍ച്ച മുരടിപ്പും കാരണം ലോക രാജ്യങ്ങളെല്ലാം സാമ്പത്തിക രംഗത്ത് തകര്‍ച്ച നേരിടുമ്പോഴാണ് ഇന്ത്യയുടെ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ബ്രിട്ടീഷ് ജര്‍മ്മന്‍ ബാങ്കുകളുമൊക്കെ തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തുകയാണ്. ചൈനയും ഉപഭോഗ വസ്‌തുക്കളുടെ കാര്യത്തില്‍ സ്‌തംഭനാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അതിവേഗം വളരുന്നത്. ഈ സാമ്പത്തിക വര്‍ഷം 6.53 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് നാം ലക്ഷ്യമിടുന്നത്.
രാജ്യത്തിന്‍റെ ഫോറക്‌സ് റിസര്‍വ് 600 കോടി ഡോളറാണ്. പ്രതിരോധ കയറ്റുമതി 16,000 കോടിയുടേതാണ്. 323 ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ നാം ഉത്‌പാദിപ്പിക്കുന്നു. 12 കോടി 72 ലക്ഷം വീടുകളില്‍ കുടിവെള്ള കണക്ഷന്‍ എത്തിച്ചു നല്‍കി. രാജ്യത്തെ സര്‍വകലാശാലകളുടെ എണ്ണം 1113 ലെത്തി. 148 വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചു. ദേശീയ പാതയുടെ ദൈര്‍ഘ്യം 1,45,355 കിലോമീറ്ററാക്കി വര്‍ധിപ്പിച്ചു. 23 മെഗാ ഫുഡ് പാര്‍ക്കുകള്‍ നിര്‍മ്മിച്ചു. ഇതെല്ലാം സാധ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിലാണ്.
ബാങ്കുകള്‍ മിക്കതും ലാഭത്തിലാണ്. യുപിഎയുടെ കാലത്ത് ഉണ്ടാക്കി വച്ച നിഷ്ക്രിയ ആസ്‌തികള്‍ ഇന്ന് ബാങ്കുകള്‍ തിരിച്ചു പിടിച്ച് പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. ഗുണഭോക്താക്കളിലേക്ക് നേരിട്ട് ധന സഹായമെത്തിക്കുന്ന സംവിധാനം 2014 ലേതിനേക്കാള്‍ അഞ്ച് മടങ്ങ് ഫലപ്രദമായി നടക്കുന്നുണ്ട്. യുപിഎ ഭരണത്തില്‍ 80 ജന്‍ ഔഷധി ഉണ്ടായിരുന്നത് ഇന്ന് രാജ്യത്തെങ്ങും വ്യാപിപ്പിച്ചു.
രാജ്യത്തെ 1341 മെഡിക്കല്‍ കോളജുകളില്‍ 69,000 മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധന വിലയിലെ വാറ്റ് കുറക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് സാധനങ്ങള്‍ക്ക് വിലക്കയറ്റം നേരിടുന്നത്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ തക്കാളി വില നിയന്ത്രിക്കാന്‍ ഇടപെട്ടു.
യുപിഎ ഭരിച്ച 10 വര്‍ങ്ങള്‍ ശരിക്കും രാജ്യത്തിന് നഷ്‌ടമായിരുന്നു. പരസ്‌പരം പോരടിക്കുകയാണ് പ്രതിപക്ഷം. പഞ്ചാബിലും ഡല്‍ഹിയിലും ആം ആദ്‌മി കോണ്‍ഗ്രസിനെതിരാണ്. കേരളത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെതിരെയാണ്. ബംഗാളില്‍ മമത ബാനര്‍ജിയും മറ്റ് പ്രതിപക്ഷ കക്ഷികളും പരസ്‌പരം മത്സരിക്കുകയാണെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.