ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് തീവ്രവാദ സംഘടന ജയ്ഷെ മുഹമ്മദിന്‍റെ വിഭാഗമായ ലഷ്‌കറെ മുസ്തഫയിലെ രണ്ട് പ്രവർത്തകരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. എംഡി അർമാൻ അലി (20), മുഹമ്മദ് എഹ്സാനുല്ല (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിഹാർ, ജമ്മു എന്നിവിടങ്ങളിൽ നിന്നുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ബിഹാർ സരനിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ അർമാൻ അലിയെ ജമ്മുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കാൻ ട്രാൻസിറ്റ് റിമാൻഡിൽ എൻഐഎ കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഈ വർഷം ഫെബ്രുവരി 6നാണ് ജമ്മുവിലെ ഗംഗ്യാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്.
രാജ്യ സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കാനാണ് ജമ്മു കശ്മീരിൽ തീവ്രവാദ സംഘടന ആക്രമണം ആസൂത്രണം ചെയ്തിരുന്നതെന്ന് എൻഐഎ അറിയിച്ചു. മാർച്ച് രണ്ടിനാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത്. അറസ്റ്റിലായ രണ്ടുപേരും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും ബിഹാറിൽ നിന്ന് മൊഹാലി, അംബാല എന്നിവിടങ്ങളിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ അറിയിച്ചു.
കടത്തിയ ആയുധങ്ങൾ ജമ്മു കശ്മീരിലെ ലഷ്‌കറെ മുസ്തഫ കമാൻഡർ-ഇൻ-ചീഫ് ഹിഡായത്ത് ഉല്ലാഹ് മാലിക്കിന്‍റെ പക്കലേക്കാണ് എത്തിച്ചതെന്ന് എൻഐഎ പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.