ന്യൂഡൽഹി : 2021ലെ കൊവിഡ് കാലഘട്ടത്തിൽ രാജ്യത്തുടനീളം 1,64,033 പേർ ആത്മഹത്യ ചെയ്‌തിട്ടുള്ളതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട്. പ്രതിദിന വേതനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരാണ് ആത്മഹത്യ ചെയ്‌തവരിൽ അധികവും. ആകെ ആത്മഹത്യകളിൽ 1,18,979 പേർ പുരുഷൻമാരാണ്. ഈ കാലയളവിൽ 45,026 സ്ത്രീകളാണ് രാജ്യത്തുടനീളം ജീവനൊടുക്കിയത്.
ഇതിൽ ദിവസ വേതനക്കാർ (37,751), സ്വയം തൊഴിൽ ചെയ്യുന്നവർ (18,803), തൊഴിൽ രഹിതർ (11,724) എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്‌തവരുടെ എണ്ണം. 5,318 കർഷകരും 5,563 കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളും ഉൾപ്പെടെ 10,881 പേർ കാർഷിക മേഖലയിൽ നിന്ന് ജീവനൊടുക്കിയിട്ടുണ്ട്. ഇത് രാജ്യത്തെ മൊത്തം ആത്മഹത്യ ഇരകളിൽ 6.6 ശതമാനമാണ്.
ജീവനൊടുക്കിയ 5,318 കർഷരിൽ 5,107 പുരുഷന്മാരും 211 സ്‌ത്രീകളുമാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 5,563 ആത്മഹത്യകളിൽ 5,121 പുരുഷന്മാരും 442 സ്ത്രീകളുമാണ്. മഹാരാഷ്ട്ര (37.3 ശതമാനം), കർണാടക (19.9 ശതമാനം), ആന്ധ്രാപ്രദേശ് (9.8 ശതമാനം), മധ്യപ്രദേശ് (6.2 ശതമാനം), തമിഴ്‌നാട് (5.5 ശതമാനം) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം കർഷകർ ആത്മഹത്യ ചെയ്‌തിട്ടുള്ളത്.
അതേസമയം പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ചണ്ഡിഗഡ്, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കർഷക ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടില്ല. സർക്കാർ ജീവനക്കാരെ സംബന്ധിച്ച് (1,898) സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരാണ് (11,431) ഇക്കാലയളവിൽ ഏറ്റവുമധികം ആത്മഹത്യ ചെയ്‌തിട്ടുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ 2,541 ജീവനക്കാരാണ് ഇക്കാലയളവിൽ ആത്മഹത്യ ചെയ്‌തത്. അതേസമയം 13,089 വിദ്യാർഥികളും തൊഴിൽ രഹിതരായ 13,714 പേരും 2021ൽ ആത്മഹത്യ ചെയ്‌തിട്ടുണ്ട്. മൊത്തം ആത്മഹത്യകളിൽ 12.3 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്ന വിഭാഗമാണ്.
2021 ൽ ആത്മഹത്യ ചെയ്‌തവരിൽ 64.2 ശതമാനവും (1,05,242) വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരാണ്. ആത്മഹത്യ ചെയ്‌തവരിൽ 31.6 ശതമാനം (51,812) ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപയിൽ താഴെ വരെയുള്ള വാർഷിക വരുമാനമുള്ളവരാണ്.