ന്യൂഡൽഹി : ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ൽ നിന്ന് 25,000 ആക്കി ഉയർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ജൻ ഔഷധി കേന്ദ്രങ്ങൾ ജനങ്ങൾക്ക് പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നതായി അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിയ്ക്ക് പ്രമേഹം സ്ഥിരീകരിച്ചാൽ പ്രതിമാസം അയാള്‍ക്ക് 3000 രൂപയോളം ചിലവഴിക്കേണ്ടതായി വരുന്നു. എന്നാല്‍ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 100 രൂപ വിലയുള്ള മരുന്നുകൾ 10 രൂപ മുതൽ 15 രൂപ വരെയുളള നിരക്കില്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വാങ്ങാനായി സാധിക്കുന്നു. എല്ലാവർക്കും മിതമായ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനായാണ് ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചത്. ഇപ്പോൾ ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ൽ നിന്ന് 25,000 ആയി ഉയർത്താൻ സർക്കാരിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നേരിട്ടിരുന്ന സമീപനം എത്രത്തോളമായിരുന്നു എന്ന് ലോകം കണ്ടതായി പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ വിതരണ മേഖല തടസ്സപ്പെട്ടപ്പോൾ ലോകത്തിന്‍റെ പുരോഗതി ഉറപ്പാക്കാനായി പ്രവര്‍ത്തിച്ചിട്ടുള്ളതായും കൊവിഡിന് ശേഷം സമഗ്രമായ ആരോഗ്യ സംരക്ഷണം അനിവാര്യമാണ് അതിനായി തന്‍റെ സർക്കാർ പ്രത്യേക ആയുഷ് വകുപ്പ് സ്ഥാപിച്ചുവെന്നും ഇപ്പോൾ ലോകം ആയുഷും യോഗയും ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലഘട്ടത്തിന് ശേഷം വിശ്വ മിത്രയായി ഇന്ത്യ മാറിയതായും ഒരു ഭൂമി ഒരു ആരോഗ്യം എന്ന സമീപനം സ്വീകരിച്ചതായും പ്രധാനമന്ത്രി പറയുന്നു.
ALSO READ : അഞ്ച് വർഷത്തിനുള്ളിൽ മൂന്നാമത്തെ സാമ്പത്തിക ശക്തി; ചെങ്കോട്ടയില്‍ വമ്പൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി
ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ജൻ ഔഷധി കേന്ദ്രങ്ങൾ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനപ്പെട്ടു. ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽ വകുപ്പ് ആരംഭിച്ച കാമ്പയിനാണ് പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി). സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി പിഎംബിജെപി സ്റ്റോറുകൾ സ്ഥാപിച്ചതായും പറഞ്ഞു
ഇന്ന് രാജ്യത്ത് ഏകദേശം 8,500-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ സർക്കാർ സ്റ്റോറുകൾ മാത്രമല്ല, സാധാരണക്കാരുടെ പ്രശ്‌ന പരിഹാരത്തിനായുള്ള കേന്ദ്രങ്ങളായി മാറുന്നു. മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭ്യമാണ്, അതുപോലെ തന്നെ വിലയേറിയ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമായ ഗുണമേന്മയും ഫലപ്രാപ്‌തിയും ഉണ്ടെന്നും ജൻ ഔഷധി കേന്ദ്രങ്ങൾ മരുന്നുകളുടെ വിലയെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക കുറച്ചതായും മോദി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.