ഷിയോപൂര്‍ (മധ്യപ്രദേശ്): നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളില്‍ ഒന്ന് ജനവാസ മേഖലയില്‍. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ട ചീറ്റകളില്‍ ഒന്നായ ഒബാനാണ്, ഞായറാഴ്‌ച പാര്‍ക്ക് വിട്ട് 20 കിലോമീറ്റര്‍ അകലെയുള്ള വിജയ്‌പൂരിലെ ഝാര്‍ ബറോഡ ഗ്രാമത്തിലെത്തിയത്. ചീറ്റ ദേശീയോദ്യാനം ചാടികടന്ന് ജനവാസ മേഖലയിലെ വയലുകളിലെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രചരിക്കുന്ന വീഡിയോയില്‍ വയലിലെത്തിയ ചീറ്റയോട് "ഗോ ഒബാൻ ഗോ....പ്ലീസ് ഒബാൻ ഗോ" എന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെടുന്നതും കേള്‍ക്കാമായിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചീറ്റയെ പിടികൂടി തിരിച്ചുകൊണ്ടുപോകുന്നതിനായി വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.
നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളിലൊന്നായ ഒബാന്‍, കുനോ നാഷണല്‍ പാര്‍ക്കിന് 20 കിലോമീറ്റര്‍ അകലെയുള്ള വിജയ്‌പൂരിലെ ഝാര്‍ ബറോഡ ഗ്രാമത്തിലെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നിരീക്ഷണ സംഘവും ഗ്രാമത്തില്‍ തമ്പടിക്കുന്നുണ്ട്. ചീറ്റയെ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ല ഫോറസ്‌റ്റ് ഓഫിസര്‍ അറിയിച്ചു.
അതേസമയം ഇവയോടൊപ്പം ഇന്ത്യന്‍ മണ്ണിലെത്തിയ അഞ്ചര വയസുള്ള സാഷ എന്ന പെൺ ചീറ്റ ഇക്കഴിഞ്ഞ മാര്‍ച്ച് 27 ന് വൃക്കരോഗത്തെ തുടര്‍ന്ന് ചത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി സാഷ അസുഖ ബാധിതയായിരുന്നുവെന്ന് ദേശീയ ഉദ്യാന അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരി മുതലാണ് സാഷ അസുഖബാധിതയായതെന്ന് പ്രിൻസിപ്പല്‍ ചീഫ് കൺസർവേറ്റർ ജെഎസ് ചൗഹാനും പ്രതികരിച്ചിരുന്നു.
സാഷയ്ക്ക് രക്തത്തില്‍ അണുബാധ ഉണ്ടായിരുന്നതായും എന്നാല്‍ ഈ അണുബാധ എപ്പോഴാണ് ഉണ്ടായതെന്നോ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് അണുബാധ ഉണ്ടായിരുന്നോ എന്നതോ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കിപ്പുറം മാര്‍ച്ച് 29 ന് സിയായ എന്ന ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്‌ത വിവരം കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്‌തിരുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2022 സെപ്‌റ്റംബര്‍ 17ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിലൊന്ന് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി' എന്നായിരുന്നു അദ്ദേഹം ട്വീറ്റ്. അമൃത് കാല മഹോത്സവത്തിന്‍റെ സമയത്ത് ഇന്ത്യയുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. മാത്രമല്ല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം വംശനാശം സംഭവിച്ച ഈ ഇനത്തെ രാജ്യത്ത് മാറ്റി പാര്‍പ്പിക്കാന്‍ കാരണക്കാരായ മുഴുവന്‍ സംഘത്തെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 17ന് തന്‍റെ 72ാം ജന്മദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് തുറന്നുവിട്ടത്. ഇവയെ കൂടാതെ ഈ വര്‍ഷം ഫെബ്രുവരി 18 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമുള്‍പ്പടെ 12 ചീറ്റകളെയും ഇന്ത്യയിലെത്തിച്ചിരുന്നു.
Also Read: കൂട്ടിലിട്ടത് വിനയായോ?; ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്‌ക്ക് കൈമാറുന്ന ചീറ്റകളുടെ ആരോഗ്യത്തില്‍ ആശങ്ക