കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ള നാലംഗ ഇന്ത്യൻ കുടുംബത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. വ്യാഴാഴ്‌ച (ഒക്‌ടോബർ 6) രാത്രിയാണ് ജീസസ് മാനുവൽ സൽഗാഡോ എന്നയാളെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്.
പഞ്ചാബിലെ ഹോഷിയാർപൂര്‍ ഹർസി പിണ്ട് സ്വദേശികളായ ജസ്‌ദീപ് സിങ് (36), ഭാര്യ ജസ്‌ലില്‍ കൗര്‍ (27), ഇവരുടെ എട്ട് മാസം പ്രായമുള്ള മകള്‍ അരൂഹി ദേരി, ജസ്‌ദീപിന്‍റെ സഹോദരന്‍ അമന്‍ദീപ് സിങ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച ഇന്ത്യാന റോഡിനും ഹച്ചിൻസൺ റോഡിനുമിടയിലുള്ള തോട്ടത്തിൽ നിന്നുമാണ് നാലംഗ ഇന്ത്യന്‍ കുടുംബത്തിന്‍റെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
തോട്ടത്തിൽ കൂട്ടിയിട്ട നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ. ഇത് കണ്ട തോട്ടം ജീവനക്കാരൻ ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനിടെ ഇവരെ തട്ടിക്കൊണ്ടുപോയതിൽ തനിക്ക് പങ്കുണ്ടെന്ന് സൽഗാഡോ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഇന്ത്യന്‍ കുടുംബത്തെ കാലിഫോർണിയയിലെ മെർസെഡ് കൗണ്ടിയിൽ പുതുതായി ആരംഭിച്ച ട്രക്കിങ് കമ്പനിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജസ്‌ദീപ് സിങ്, അമന്‍ദീപ് സിങ് എന്നിവരെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതും പിന്നാലെ ജസ്‌ലിനെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ട്രക്കില്‍ കയറ്റിക്കൊണ്ടുപോകുന്നതുമാണ് ദൃശ്യം. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് മെർസെഡ് കൗണ്ടി ഷെരീഫ് ഫേസ്ബുക്കിൽ കുറിച്ചു.