മാണ്ഡ്യ: കര്‍ണാടകയില്‍ മകളുടെ പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹത്തിനരികെ, തനിച്ച് ഒരു അമ്മ കഴിഞ്ഞത് നാല് ദിവസം. ഹല്ലഹള്ളി തടാകത്തിന് സമീപത്തെ ന്യൂ തമിഴ് കോളനിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. മെയ് 30 നാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
30 കാരിയായ മകള്‍ രൂപയുടെ മരണം ആരെയും അറിയിക്കാന്‍ അമ്മ നാഗമ്മ തയ്യാറായില്ല. ജഡം അഴുകിയതിനെ തുടര്‍ന്ന് ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ തെരച്ചില്‍ നടത്തി. എലി ചത്തതിനെ തുടര്‍ന്നുള്ള മണമാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍, നാഗമ്മയും രൂപയും വീട്ടിൽ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ല.
യുവതിയുടേത് നാടകീയ ജീവിതം: ഈ സമയത്ത് മിക്‌സി നന്നാക്കാനെത്തിയ ആൾ നാഗമ്മയുടെ വീടിന്‍റെ വാതിൽ തകർത്തു. ശേഷം ഉൾവശം കണ്ട് നാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കി. തുടര്‍ന്ന്, പ്രദേശവാസികള്‍ കിഴക്കൻ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസിന്‍റെ സഹായത്തോടെ മൃതദേഹം സംസ്‌കരിച്ചു. ഹോം ഗാർഡായി ജോലി ചെയ്യുകയായിരുന്ന രൂപയെ ചില വിഷയങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സസ്‌പെൻഡ് ചെയ്‌തിരുന്നു.
ജോലിയിൽ തിരികെ പ്രവേശിക്കുന്നത് സംബന്ധിച്ച് അവര്‍ അടുത്തിടെ ഒരു കത്ത് എഴുതിയിരുന്നു. 10 വർഷം മുന്‍പ് വിവാഹിതയായ രൂപ കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഭര്‍ത്താവുമായി വേർപിരിഞ്ഞിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. കുറച്ചു നാളായി യുവതിയും അമ്മയും മദ്യത്തിന് അടിമയായിരുന്നു. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.