ബെംഗളുരു: യുക്രൈനിലെ ഖാർകീവിൽ മാർച്ച് 1ന് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ (21) മൃതദേഹം ബെംഗളുരുവിലെത്തിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 3 മണിയോടെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ബെംഗളുരു വിമാനത്താവളത്തിലെത്തിച്ചത്.
നവീന്‍റെ കുടുംബാംഗങ്ങളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. കുടുംബാംഗങ്ങൾ നവീന് അന്ത്യോപചാരം അർപ്പിച്ചു. ബസവരാജ് ബൊമ്മൈ മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. ശേഷം മൃതദേഹം ജന്മനാടായ ഹാവേരിയിലേക്ക് കൊണ്ടുപോയി.
നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ദാവനഗരെയിലെ മെഡിക്കൽ കോളജിന് വിട്ടുനൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ നവീൻ ഭക്ഷണം വാങ്ങാൻ ക്യൂവിൽ നിൽക്കുമ്പോഴാണ് റഷ്യൻ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്.
Also Read: ലുഹാൻസ്‌കിലെ നഴ്‌സിംഗ് ഹോമിന് നേരെ റഷ്യൻ ആക്രമണം ; 56 പേർ കൊല്ലപ്പെട്ടു