ബിലാസ്‌പൂർ: ഛത്തീസ്‌ഗഡിൽ ദേശാടനപ്പക്ഷികളെ അനധികൃതമായി പിടികൂടി വിൽക്കുന്ന നായാട്ടുസംഘം സജീവമാകുന്നു. ബിലാസ്‌പൂരിലെ സക്രി മേഖലയിലെ ബെൽമുണ്ടി, കൊപ്ര ജലസംഭരണികൾക്ക് സമീപം താമസിക്കുന്ന ഗ്രാമീണരിൽ ചിലരും ഗ്രാമത്തിന് പുറത്തുനിന്നുള്ള ചില സംഘങ്ങളുമാണ് അനധികൃത നായാട്ടിന് പിന്നിൽ. ഇവിടെ വൻതോതിൽ ദേശാടനപ്പക്ഷികൾ പെരുകുന്നത് ലക്ഷ്യം വച്ച് നടത്തുന്ന നായാട്ട് അവസാനിപ്പിക്കാനും ഇത്തരം സംഘങ്ങളെ പിടികൂടാനും വനംവകുപ്പ് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
മംഗോളിയ, ചൈന, സൈബീരിയ എന്നിവയുൾപ്പെടെ പത്തിലധികം രാജ്യങ്ങളിൽ നിന്ന് റിസർവോയർ പ്രദേശങ്ങളിൽ പ്രജനനത്തിനായെത്തുന്ന നൂറുകണക്കിന് വിദേശ പക്ഷികളെ വല വീശി പിടികൂടി ഉയർന്ന വിലയ്ക്ക് വിപണിയിൽ വിറ്റ് ലാഭം കൊയ്യുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി. ദേശാടനപ്പക്ഷികൾക്ക് സംരക്ഷണം നൽകാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ദേശാടനത്തിനെത്തുന്നത് നിരവധി പക്ഷികൾ: ദേശാടന കാലത്ത് ആയിരക്കണക്കിന് വിദേശയിനം പക്ഷികളാണ് ബെൽമുണ്ടി, കൊപ്ര ജലസംഭരണികൾ സന്ദർശിക്കാനെത്തുകയും കൂടുണ്ടാക്കുകയും ചെയ്യുന്നത്. പ്രജനനത്തിന് ശേഷം കുഞ്ഞുങ്ങൾ പുറത്തു വന്നാലുടൻ തന്നെ മെയ്, ജൂൺ കാലയളവോടുകൂടി ഇവ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പറക്കുന്നു.
എന്നാൽ ഇവ ഭക്ഷണത്തിനായും മറ്റും സജീവമായെത്തുന്ന പാടങ്ങളിലും ജലസംഭരണികളിലും വലക്കെണി വച്ച് പക്ഷികളെ പിടികൂടുകയാണ് നായാട്ടുകാർ. പക്ഷികളെ കെണിവച്ച് പിടിക്കുന്നതിനിടെ നായാട്ടുസംഘത്തിലുൾപ്പെട്ടയാളെ ഒരു കർഷകൻ പിടികൂടിയിരുന്നു. അനധികൃത നായാട്ട് കർഷകന്‍റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ആ പക്ഷികളെ നായാട്ടുകാരന് വെറുതെ വിടേണ്ടിവന്നു. ഇതിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദേശാടനപ്പക്ഷികളെ പിടികൂടുന്നത് മാംസത്തിനു വേണ്ടിയല്ലെന്നും നിയമവിരുദ്ധമായി വിൽപന നടത്തുന്നതിനാണെന്നും ഉദ്യോഗസ്ഥർ ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം പരാതി ലഭിക്കുന്ന സന്ദർഭങ്ങളിൽ നടപടിയെടുക്കാറുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ദേശാടനപ്പക്ഷികൾ വേട്ടയാടപ്പെടുന്നത് ഈ മേഖലകളിൽ വ്യാപകമാണെന്നത് നിഷേധിച്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.