ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തിൽ ചട്ടം നിർമിക്കുന്ന പാർലമെന്‍ററി കമ്മറ്റിക്ക് കൂടുതൽ സമയം നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മൂന്ന് മാസ കാലാവധിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടിയത്. രണ്ടാമത്തെ തവണയാണ് കമ്മറ്റിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമയം നീട്ടുന്നത്. ഇതിന് മുമ്പ് ഏപ്രിൽ ഒമ്പതിനും ജൂലൈ ഒമ്പതിനും കമ്മറ്റിക്ക് കാലാവധി നൽകിയിരുന്നു. കൊവിഡ് സാഹചര്യത്തെ തുടർന്ന് ആഭ്യന്തരമന്ത്രാലയം പാർലമെന്‍ററി കമ്മറ്റിക്ക് കാലാവധി നീട്ടിയത്.
നിയമം നിലവിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ തന്നെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരണമെന്നതാണ് മാനദണ്ഡം. 2019 ഡിസംബർ 11നാണ് മോദി സർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി പാർലമെന്‍റിൽ പാസാക്കിയത്. ഡിസംബർ 12ന് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നിലവിൽ വന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞവർഷം വ്യാപക പ്രക്ഷോഭമാണ് രാജ്യമൊട്ടാകെ അരങ്ങേറിയത്. രാജ്യത്തെ മുസ്‌ലിങ്ങള്‍ ഒഴിച്ചുള്ള എല്ലാ മതവിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്കും പൗരത്വം അനുവദിക്കുന്നുവെന്നാണ് എതിര്‍പ്പ് ഉയരാൻ കാരണം. ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വത്തിന് എതിരാണ് ഈ വിവേചനമെന്നാണ് എതിര്‍പ്പുയര്‍ത്തുന്നവര്‍ പറയുന്നത്. എന്നാല്‍ പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളില്‍ മുസ്‌ലിം വിഭാഗം ഭൂരിപക്ഷമാണ് അതിനാലാണ് ഇവരെ ഒഴിവാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്നത്.
ALSO READ: ഡിഎംകെ അധികാരത്തിലെത്തിയാല്‍ പൗരത്വനിയമം നടപ്പിലാക്കില്ല : സ്റ്റാലിന്‍