ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അവരുടെ ഏറ്റവും പുതിയ ചെറു മോഡലായ എസ്-പ്രെസ്സോയും പാസഞ്ചർ വാഹനമായ ഇക്കോയും തിരിച്ചുവിളിക്കുന്നു. രണ്ട് മോഡലുകളിലുമായി 87,599 യൂണിറ്റുകളാണ് തിരിച്ചു വിളിക്കുന്നത്. ഈ വാഹനങ്ങൾ പരിശോധിക്കുന്നതിനും തകരാറുള്ള ഭാഗങ്ങൾ മാറ്റി നല്‍കുന്നതിനുമാണ് തിരിച്ചുവിളിക്കുന്നത്.
ഈ മോഡലുകളില്‍ സ്റ്റിയറിങിനെ വാഹനത്തിന്‍റെ ടയറുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് (steering tie rod) തകരാർ കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ച് മാറ്റിനല്‍കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. വാഹനം കൈകാര്യം ചെയ്യുന്നതിനും സ്റ്റിയറിങ് നിയന്ത്രിക്കുന്നതിനും പ്രശ്‌മുണ്ടാകാനുള്ള സാധ്യതയാണ് കമ്പനി കണ്ടെത്തിയത്.
2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി 15നും ഇടയില്‍ നിർമിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. ഇത് പ്രകാരമുള്ള വാഹനങ്ങൾ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർ വർക് ഷോപ്പുകളില്‍ എത്തിച്ചാല്‍ സൗജന്യമായി പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തി പ്രശ്‌നം പരിഹരിച്ച് തിരികെ നല്‍കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ജൂലൈ 24 മുതലാണ് തിരിച്ചുവിളിക്കല്‍ പ്രായോഗികമാകുന്നത്.
ഈ അടുത്ത കാലത്തുണ്ടായ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ തിരിച്ചുവിളിക്കലാണ് ഇത്. ഇതിന് മുൻപ് 2021 സെപ്‌റ്റംബറില്‍ സിയാസ്, വിറ്റാര ബ്രെസ്സ, എക്‌സ്‌എല്‍6 എന്നി മോഡലുകളുടെ 1,81,754 യൂണിറ്റുകൾ മോട്ടോർ ജെനറേറ്ററിലെ തകരാറിനെ തുടർന്ന് മാരുതി തിരിച്ചുവിളിച്ചിരുന്നു. 2020 ജൂലൈയില്‍ വാഗൺ ആറിന്‍റെയും ബലേനോയുടേയും 1,34,885 മോഡലുകളും തിരിച്ചുവിളിച്ചിരുന്നു.