ഇംഫാൽ: പുതുവർഷത്തിന്‍റെ ആദ്യ ദിനം തന്നെ മണിപ്പൂരിൽ സംഘർഷം. തൗബാൽ ജില്ലയിൽ ഇന്നലെ (ജനുവരി 1) ഉണ്ടായ വെടിവെപ്പില്‍ നാല് പേർ കൊല്ലപ്പെട്ടു (4 people shot died in Manipur violence at Thoubal) . സംഘർഷത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് അഞ്ച് ജില്ലകളില്‍ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട് (Manipur Violence in Thoubal and curfew Imposed).
ആളുകളിൽ നിന്നും ബലമായി പണം പിരിച്ചെടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ആയുധധാരികളായ അക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
അക്രമി സംഘം പൊലീസ് യൂണിഫോം ധരിച്ച് വേഷം മാറിയാണ് എത്തിയതെന്നാണ് വിവരം. ഇവരുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നു. നാല് വാഹനങ്ങളിലായി എത്തിയ ഇവർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മൂന്നുപേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയുമാണ് മരിച്ചത്. അക്രമികൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അക്രമസാധ്യത കണക്കിലെടുത്ത് സർക്കാർ മണിപ്പൂരിലെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്‌ചിംങ്, ബിഷ്‌ണുപൂർ എന്നീ അഞ്ച് ജില്ലകളിലെ കർഫ്യൂ ഇളവ് റദ്ദാക്കുകയും മേഖലയിൽ ക്രമസമാധാനം നിലനിർത്താനായി നിരോധന ഉത്തരവുകൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്‌തു (curfew imposed in 5 districts).
നിയമം കൈയിലെടുക്കരുതെന്ന് മുഖ്യമന്ത്രി: സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. നിയമം കൈയിലെടുക്കരുതെന്നും അധികാരികളുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് ബിരേൻ സിങ് ജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സ്ഥലം സംഘർഷഭരിതമാവുകയും ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ അക്രമികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ കത്തിക്കുകയും ചെയ്‌തു. തൗബാൽ ജില്ലയിലും ആക്രമണ സാധ്യതയുള്ള സമീപ പ്രദേശങ്ങളിലേക്കും കേന്ദ്ര-സംസ്ഥാന സേനകളെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തെ തുടർന്ന് സംസ്ഥാന തലസ്ഥാനത്തും സംഘർഷാവസ്ഥ ഉയർന്നതായാണ് വിവരം.
കഴിഞ്ഞ മെയ് മുതലാണ് മണിപ്പൂരിൽ മെയ്‌ത്തി-കുക്കി വിഭാഗക്കാർ തമ്മിൽ സംഘർഷം ആരംഭിച്ചത്. ഡിസംബർ 31 ന് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതുവർഷ ദിനത്തിൽ വീണ്ടും അക്രമണം പൊട്ടിപ്പുറപ്പെട്ടതോടെ കർഫ്യൂ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നടന്ന വെടിവെയ്‌പ്പിൽ 13 മരണം: കഴിഞ്ഞ ഡിസംബർ നാലിന് തെൻഗ്‌നൗപല്‍ ജില്ലയിലുണ്ടായ വെടിവെയ്‌പ്പിൽ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലെയ്‌തു വില്ലേജിലാണ് 13 പേരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. രണ്ട് വിഭാഗങ്ങൾ തമ്മിലാണ് വെടിവെയ്പ്പുണ്ടായത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്നത്. എന്നാല്‍ പ്രദേശത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടില്ലായിരുന്നു.
Also read: മണിപ്പൂർ അശാന്തം, പ്രധാനമന്ത്രിയുടെ മൗനത്തില്‍ വിമർശനവുമായി കോൺഗ്രസ്