ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരിലെ സംഘർഷ ബാധിത മേഖലകളില്‍ സിപിഎം-സിപിഐ പാർലമെന്‍റ് അംഗങ്ങളുടെ സംയുക്ത സന്ദർശനം. ജൂലായ് ആറ് മുതല്‍ എട്ട് വരെയാണ് സിപിഎം-സിപിഐ സംയുക്ത പാർലമെന്‍റ് അംഗങ്ങളുടെ സന്ദർശനം. സംഘർഷ ബാധിത മേഖലകളില്‍ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായാണ് സന്ദർശനമെന്ന് ഇരുപാർട്ടികളുടേയും എംപിമാർ വ്യക്തമാക്കി.
അഞ്ച് എംപിമാരാണ് സംഘത്തിലുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്‍റെയും മണിപ്പൂർ സംസ്ഥാന സർക്കാരിന്‍റെയും ഇരട്ട എൻജിൻ സർക്കാർ എന്ന അവകാശ വാദം പൊള്ളയാണെന്ന് മണിപ്പൂരിലെ സംഭവങ്ങൾ തെളിയിക്കുന്നതായി ഡല്‍ഹിയില്‍ നിന്ന് ഇംഫാലിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഇടത് എംപിമാരുടെ സംഘം ആരോപിച്ചു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം പ്രതിപക്ഷ പാർട്ടികളെ പിളർത്താനും മഹാരാഷ്ട്രയിൽ കൂറുമാറ്റം നടത്താനുമാണ് ബിജെപി നേതൃത്വം കൂടുതൽ താൽപര്യം കാണിക്കുന്നതെന്നും ഇടത് എംപിമാർ ആരോപിച്ചു. മണിപ്പൂരില്‍ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കുക, വിഭജന രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറിയ മുഖ്യമന്ത്രിയെ പുറത്താക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് മണിപ്പൂർ ജനത പ്രക്ഷോഭത്തിലാണെന്നും അവർക്കൊപ്പമാണ് ഇടതുപാർട്ടികളെന്നും സിപിഎം-സിപിഐ എംപിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സന്ദർശനം കൺവെൻഷൻ തീരുമാനത്തെ തുടർന്ന്: മണിപ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജില്ല പരിഷത്ത് അംഗങ്ങളും സമാന ചിന്താഗതിക്കാരായ 10 രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഇടതുപക്ഷ പാർട്ടികളും ജൂൺ 25 ന് ന്യൂഡൽഹിയിൽ നടന്ന ദേശീയ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ആ കൺവെൻഷനിലെ തീരുമാനത്തിന്‍റെ ഭാഗമായാണ് ഇടതുപാർട്ടികളുടെ എംപിമാരുടെ സംഘം മണിപ്പൂർ സന്ദർശിക്കുന്നത്. ചുരാചന്ദ്പൂരിലെയും ഇംഫാൽ താഴ്‌വരയിലെയും എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെ സംഘം കാണും. പ്രതിനിധി സംഘം ജൂലൈ 7 ന് വൈകുന്നേരം അഞ്ച് മണിക്ക് മണിപ്പൂർ ഗവർണറെ സന്ദർശിച്ച ശേഷം എട്ടിന് മാധ്യമങ്ങളോട് സംസാരിക്കും.
ബികാസ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ് (സിപിഎം), ബിനോയ് വിശ്വം, പി സന്തോഷ് കുമാർ, കെ സുബ്ബ രായൻ (സിപിഐ) എന്നിവർ അടങ്ങുന്ന സംഘമാണ് മണിപ്പൂർ സന്ദർശിക്കുന്നത്. ജൂൺ 29 മുതല്‍ രണ്ട് ദിവസം കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെ സംഘർഷ ബാധിത മേഖലകളില്‍ സന്ദർശനം നടത്തിയിരുന്നു.
അണയാതെ കലാപത്തീ: ഈ വര്‍ഷം മെയ് മാസത്തില്‍ മണിപ്പൂരില്‍ ആരംഭിച്ച കലാപത്തെ തുടർന്ന് 50,000 ത്തോളം ആളുകള്‍ 300 ലധികം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘർഷത്തിലും കലാപത്തിലും ഇതുവരെ 100-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മേയ് മൂന്നിന് പട്ടികവര്‍ഗ പദവിയ്ക്കായുള്ള മെയ്‌തേയ് സമുദായത്തിന്‍റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയികള്‍ ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവര്‍ഗ്ഗക്കാരായ നാഗകളും കുക്കികളും ജനസംഖ്യയുടെ 40 ശതമാനവും മലയോര ജില്ലകളില്‍ താമസിക്കുന്നു.