കൊല്‍ക്കത്ത : പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന് ശ്രമിച്ച കാമുകിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍വേ പാര്ക്കിന് സമീപം നീല്‍ പുക്കൂര്‍ മേഖലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 20) രാത്രി ആയിരുന്നു സംഭവം. ജയന്ത തന്തി എന്ന യുവാവാണ് പിടിയിലായത്.
പാര്ക്കിന് സമീപത്തെ ജലാശയത്തിനരികില്‍ എത്തിച്ച് യുവതിയെ അതി ദാരുണമായി യുവാവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രദേശവാസികള്‍ ലോക്കല്‍ ട്രാഫിക് ഗാര്‍ഡിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനെ പിടികൂടി. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍വേ പാര്‍ക്ക് പൊലീസ് പിന്നീട് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ കയ്യില്‍ നിന്ന് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : കഴിഞ്ഞ മൂന്ന് വര്‍ഷമായി ജയന്ത തന്തിയും യുവതിയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ വഴക്കുകള്‍ ആരംഭിച്ചു. ബന്ധത്തില്‍ നിന്ന് പിന്മാറാന് യുവതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജയന്ത പിന്മാറാന് ഒരുക്കമായിരുന്നില്ല.
ചൊവ്വാഴ്ച ഇരുവരും സര്‍വേ പാര്ക്കിന് സമീപം സംസാരിച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ ഇവര്‍ തമ്മില്‍ വഴക്കിട്ടു. യുവതി താന്‍ പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് തീര്‍ത്തുപറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് ബാഗില്‍ സൂക്ഷിച്ചിരുന്ന ആയുധം എടുത്ത് യുവതിയെ തുടരെ ആക്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ട്രാഫിക് പൊലീസില്‍ വിവരം അറിയിച്ചത്. കൊൽക്കത്ത പൊലീസിന്റെ ഈസ്റ്റ് ജാദവ്പൂർ ട്രാഫിക് ഗാർഡിലെ ജോയ്ദീപ് സാഹയും സംഘവുമാണ് സംഭവ സ്ഥലത്ത് എത്തിയത്.
ഇവര്‍ യുവാവിനെ പിടികൂടുകയും യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ സർവേ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം.
വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം : ജൂണ്‍ ഒന്നിനാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ച സംഭവം ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. സീതാമര്‍ഹി ഡിഗ്ഗി പഞ്ചായത്തിലെ ബരിബേല സ്വദേശി ചന്ദന്‍കുമാര്‍ ആണ് യുവതിയെ ആക്രമിച്ചത്. 12 തവണയാണ് ഇയാള്‍ യുവതിയെ കഠാര കൊണ്ട് കുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചന്ദന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ചന്ദൻ പൊലീസിനോട് പറഞ്ഞിരുന്നു. യുവതി ആദ്യം ചന്ദനെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് കുടുംബത്തിന്റെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പിന്മാറുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിൽ പ്രകോപിതനായാണ് താന്‍ യുവതിയെ കഠാര കൊണ്ട് ആക്രമിച്ചത് എന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ആക്രമണത്തിന് ശേഷം യുവാവ് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുകൂടി കടന്നുപോവുകയായിരുന്ന മുൻ എംഎൽസി രാജ് കിഷോർ കുശ്വാഹയാണ് യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. അദ്ദേഹം യുവതിയെ ഉടന്‍ സീതാമർഹിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ വയറില്‍ മാരകമായ അഞ്ച് മുറിവുകളാണ് കണ്ടെത്തിയത്.