ചെന്നൈ: ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ അനധികൃത റയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ജിതേന്ദ്ര ഷാ (38) ആണ് അറസ്റ്റിലായത്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ വച്ച് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ജൂലൈ 18) റയില്‍വേ പൊലീസ് ഇയാളെ പിടികൂടിയത്.
തട്ടിപ്പിന് ഉപയോഗിച്ച റബര്‍ സ്റ്റാമ്പും നോട്ട്പാഡും പൊലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തു. റെയിൽവേ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. റയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം നില്‍ക്കുന്ന ഇയാള്‍ റിസര്‍വേഷന്‍ ടിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് വ്യാജ ടിക്കറ്റുണ്ടാക്കി ഇരട്ടി വിലയ്‌ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്യാറുള്ളത്. ചൊവ്വാഴ്‌ച ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി പണം കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അക്കൗണ്ടന്‍റ് ജോലിയില്‍ നിന്ന് തട്ടിപ്പിലേക്ക് : പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം യോഗ്യതയുള്ള ജിതേന്ദ്ര ഷാ നേരത്തെ രാജസ്ഥാനില്‍ പിതാവിന്‍റെ ജ്വല്ലറിയിലെ അക്കൗണ്ടന്‍റായിരുന്നു. എന്നാല്‍ അച്ഛന്‍ മരിച്ചതോടെയാണ് ഇയാള്‍ വേഗത്തില്‍ പണമുണ്ടാക്കാനുള്ള വഴി തേടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചെന്നൈ റയില്‍വേ സ്റ്റേഷനില്‍ ജിതേന്ദ്ര ഷാ ഇത്തരത്തില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്.
ഒഡിഷ, ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും പോകാനെത്തുന്ന യാത്രക്കാരെ ലക്ഷ്യം വച്ചാണ് ഇയാള്‍ ടിക്കറ്റ് വില്‍പ്പന നടത്തിയത്. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ആവശ്യമുള്ളവരില്‍ നിന്നും ഇയാള്‍ പേര്, വയസ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് നോട്ട്പാഡില്‍ എഴുതും. തുടര്‍ന്ന് വ്യാജ സീല്‍ പതിപ്പിച്ച് ഇരട്ടി തുക കൈപ്പറ്റി ആവശ്യക്കാര്‍ക്ക് ടിക്കറ്റ് നല്‍കും. റയില്‍വേ സ്റ്റേഷനില്‍ വച്ച് നിരവധി പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
മംഗളൂരുവിലും സമാന കേസില്‍ ഒരാള്‍ അറസ്റ്റില്‍ : അനധികൃതമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വാങ്ങി വിറ്റതിന് ഏതാനും ദിവസം മുമ്പാണ് മംഗളൂരുവില്‍ ഒരാള്‍ അറസ്റ്റിലായത്. രാജസ്ഥാന്‍ സ്വദേശിയായ ഹദ്‌മത്ത് വാന്‍ ഗോസ്വാമിയെയാണ് അറസ്റ്റ് ചെയ്‌തത്. ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങി അധിക വിലയ്‌ക്ക് വില്‍ക്കുകയായിരുന്നു.
ഇ ടിക്കറ്റിന്‍റെ റിസര്‍വേഷന്‍ സംബന്ധിച്ച് സംശയം തോന്നിയ റെയില്‍വേ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പ്രതി പിടിയിലായത്. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വാങ്ങി വില്‍പ്പന നടത്തിയതിന്‍റെ തെളിവുകള്‍ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ആയിര കണക്കിന് രൂപ വിലമതിക്കുന്ന റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റുകള്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, ആധാര്‍ കാര്‍ഡ് എന്നിവ ഇയാളില്‍ നിന്നും പൊലീസ് കണ്ടെത്തി.
വിമാന ടിക്കറ്റ് വില്‍പ്പനയിലും വ്യാജന്മാര്‍ : വ്യാജ വിമാന ടിക്കറ്റ് വില്‍പന നടത്തിയ കേസില്‍ ഇരിങ്ങല്‍ സ്വദേശിയായ യുവാവിനെതിരെ കേസ്. ജിയാസ് മുഹമ്മദ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാദാപുരം യൂണിമണി ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിലെ മാനേജറുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയള്‍ക്കെതിരെ കേസെടുത്തത്. ഇയാളില്‍ നിന്ന് ടിക്കറ്റ് വാങ്ങിയവര്‍ യാത്ര വിവരം അറിയുന്നതിന് ഓണ്‍ലൈന്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.