ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ ആത്മപരിശോധനയ്‌ക്ക് തയ്യാറാകണമെന്ന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പൊതു വിഷയങ്ങളില്‍ കീഴ്‌ഘടകങ്ങളുടെ ഇടപെടല്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
'കോൺഗ്രസ് പാര്‍ട്ടി ശക്തവും ഉത്തരവാദിത്തമുള്ളതും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതും ആണെങ്കിൽ മാത്രമേ നമുക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനും രാജ്യത്തെ ജനങ്ങളെ സേവിക്കാനും കഴിയൂ', ഖാര്‍ഗെ പറഞ്ഞു. പാർട്ടിയിൽ ചിലര്‍ വളരെ ഉത്തരവാദിത്തത്തോടെ തങ്ങളുടെ കടമ നിർവഹിക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തമില്ലായ്‌മ അവഗണിക്കപ്പെടുമെന്ന് ചിലർ കരുതുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചരിത്രം രചിക്കുകയാണെന്ന് ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ചു കൊണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിദ്വേഷത്തിന്‍റെ വിത്ത് വിതയ്ക്കുകയും ഭിന്നിപ്പിന്‍റെ ഫലം കൊയ്യുകയും ചെയ്യുന്ന ഭരണ ശക്തികൾക്കെതിരെ പോരാടേണ്ടത് കോൺഗ്രസ് പ്രവർത്തകരുടെ കടമയാണെന്നും ഖാർഗെ നേതാക്കളെ ഓര്‍മിപ്പിച്ചു.
ഖാര്‍ഗെയ്‌ക്ക് പുറമെ മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാക്കളായ പി ചിദംബരം, ആനന്ദ് ശർമ, മീര കുമാർ, അംബിക സോണി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഒക്‌ടോബറിൽ ഖാർഗെ ചുമതലയേറ്റ ശേഷം കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് പകരം രൂപീകരിച്ചതാണ് സ്റ്റിയറിങ് കമ്മിറ്റി. പ്രധാന സംഘടന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം പാർട്ടിയുടെ പ്ലീനറി സമ്മേളനത്തെ കുറിച്ചും സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നു. ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ വച്ച് 2023 ഫെബ്രുവരിയില്‍ പ്ലീനറി സമ്മേളനം നടത്താനാണ് തീരുമാനം.