ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് ഓഹരി തട്ടിപ്പ് ആരോപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി). വായ്‌പയും ഓഹരിയുമായി 36,474.78 കോടിയാണ് എല്‍ഐസി അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചത്. ഈ തുക തങ്ങളുടെ മൊത്തം നിക്ഷേപത്തിന്‍റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും എല്‍ഐസി മാധ്യമങ്ങളെ അറിയിച്ചു.
'ആകെ ആസ്‌തി 41.66 ലക്ഷം കോടി': 2022 സെപ്‌റ്റംബര്‍ വരെ എൽഐസിയുടെ ആകെ ആസ്‌തി 41.66 ലക്ഷം കോടിയാണ്. ഷോർട്ട് സെല്ലിങ് സ്‌പെഷ്യലിസ്റ്റ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിനുപിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇൻഷുറൻസ് കമ്പനിയുടെ വിശദീകരണം. ഓഹരികളില്‍ കൃത്രിമം കാണിച്ചു, വഞ്ചനാപരമായ ഇടപാടുകള്‍ നടന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചത്.
ALSO READ| പോര് മുറുകുന്നു; ദേശീയത പറഞ്ഞ് തട്ടിപ്പ് മറയ്‌ക്കാനാകില്ലെന്ന് അദാനിയോട് ഹിന്‍ഡന്‍ബര്‍ഗ്
'ഓഹരി, വായ്‌പ എന്നിങ്ങനെയുള്ള ഇനത്തില്‍ അദാനി ഗ്രൂപ്പില്‍ ഞങ്ങളുടെ മൊത്തം നിക്ഷേപം 36,474.78 കോടിയാണ്. ഇത് 2022 ഡിസംബർ 31 വരെ 35,917.31 കോടിയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രൂപ്പ് കമ്പനികളുടെ ഈ ഓഹരിയുടെ മൊത്തം വിപണി മൂല്യം 30,127 കോടിയാണ്. 2023 ജനുവരി 27ന് വിപണി സമയം അവസാനിക്കുമ്പോൾ ഇതിന്‍റെ മൂല്യം 56,142 കോടിയായിരുന്നു'- എൽഐസി ട്വീറ്റിൽ വ്യക്തമാക്കി.