ന്യൂഡൽഹി: കൊവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ 'ലാംഡ' വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മേധാവി ഡോ. പ്രഗ്യ യാദവ്. നിലവിൽ 'ലാംഡ' വകഭേദം 30ലധികം യൂറോപ്യൻ രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും ഉയർന്ന് കൊവിഡ് മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.
ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരി
യു.കെയിൽ ഇതുവരെ ആറ് ലാംഡ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാംഡ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരമാണെന്ന് ഡോ. പ്രഗ്യ യാദവ് അറിയിച്ചു. പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം മേയ്, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച 82 ശതമാനം കൊവിഡ് കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്നാണ് വിവരം.
read more:ലാംഡ ഡെൽറ്റയേക്കാൾ മാരകം ; ഇതുവരെ സ്ഥിരീകരിച്ചത് 30ലധികം രാജ്യങ്ങളിൽ
ജൂൺ 30നകം എട്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട് ചെയ്തതായി പി.എ.എച്ച്.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ് വ്യക്തമാക്കി. എന്നാൽ ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് മെൻഡസ് പറഞ്ഞു. ഡെൽറ്റ വകഭേദത്തിനെതിരായ പോരാട്ടം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണ് ലാംഡ യൂറോപ്പിലേക്കെത്തുന്നത്.