കൊല്‍ക്കത്ത: രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ പരീക്ഷണയോട്ടം നടത്തി കൊല്‍ക്കത്ത മെട്രോ. കൊല്‍ക്കത്തയില്‍ നിന്നുള്ള ആദ്യ പരീക്ഷണയോട്ടം വിജയിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. എസ്‌പ്ലനേഡ് മുതല്‍ ഹൗറ വരെയാണ് പരീക്ഷണയോട്ടം നടത്തിയത്.
4.8 കിലോമീറ്ററാണ് അണ്ടര്‍വാട്ടര്‍ മെട്രോ ടണലിന്‍റെ ദൈര്‍ഘ്യം. ആറ് കോച്ചുകളുള്ള മെട്രോ ട്രെയിനാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിച്ചത്. ഹൂഗ്ലി നദിയില്‍ 30 മീറ്റര്‍ താഴ്‌ചയിലാണ് മെട്രോ റെയിലിന്‍റെ നിര്‍മാണം. 120 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് അണ്ടര്‍ വാട്ടര്‍ മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. കൊല്‍ക്കത്തയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആധുനിക ഗതാഗത സൗകര്യമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.
ഇത് കൊല്‍ക്കത്തയുടെ ചരിത്ര നിമിഷം: മെട്രോയുടെ പരീക്ഷണ ഓട്ടത്തെ കൊല്‍ക്കത്ത നഗരത്തിന്‍റെ ചരിത്ര നിമിഷമെന്ന് മെട്രോ ജനറല്‍ മാനേജര്‍ പി ഉദയ്‌ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന ഏഴ് മാസത്തേക്ക് ട്രയല്‍ റണ്‍ നടക്കുമെന്നും പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ കൊല്‍ക്കത്ത മെട്രോ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. ഇത്തരത്തിലുള്ള വിജയങ്ങള്‍ കൈവരിക്കുന്നതിന് മുമ്പ് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വരുമെന്നും ഇത് കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്കുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേക സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിയാല്‍ദയില്‍ അണ്ടര്‍ വാട്ടര്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നു: സിയാല്‍ദ വഴിയുള്ള അണ്ടര്‍വാട്ടര്‍ മെട്രോ സര്‍വീസിനുള്ള നിര്‍മാണം പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായി അടുത്ത ഡിസംബറോടെ മെട്രോ കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 8,474 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ റോഡിലൂടെ ഒന്നര മണിക്കൂര്‍ യാത്ര ചെയ്‌ത് എത്തേണ്ട സ്ഥലങ്ങളില്‍ വെറും 40 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
രാജ്യത്തെ ആദ്യ മെട്രോ സിറ്റി കൊല്‍ക്കത്ത: 1984 ഒക്‌ടോബര്‍ 24നാണ് രാജ്യത്ത് ആദ്യമായി മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. കൊല്‍ക്കത്ത നഗരത്തിലെ വന്‍ തിരക്കാണ് ആദ്യമായി മെട്രോ സര്‍വീസ് എന്ന ചിന്തയിലേക്കെത്താന്‍ കാരണമായെതെന്ന് പറയാം. ഡംഡം സ്റ്റേഷനില്‍ നിന്നാണ് മെട്രോയുടെ പാത തുടങ്ങുന്നത്. വിവിധ സ്റ്റേഷനിലൂടെ സഞ്ചരിക്കുന്ന മെട്രോ ഗോളിഗഞ്ചിലാണ് അവസാനിക്കുന്നത്.
അണ്ടര്‍ വാട്ടര്‍ ഗതാഗതത്തിന് തുടക്കം കുറിച്ചത്: കൊല്‍ക്കത്തയിലെ നഗരത്തില്‍ ഗതാഗത പ്രശ്‌നം വളരെ രൂക്ഷമാണ്. ചില ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ ഒന്നര മണിക്കൂര്‍ ഒക്കെയാണ് യാത്രക്കാര്‍ ട്രാഫികില്‍ കുടുങ്ങി കിടക്കുക. ഇത് തന്നെയാണ് ഭൂഗര്‍ഭ റെയില്‍വേ എന്ന ആശയത്തിലെത്തിച്ചത്.
1949ലാണ് ആദ്യമായി ഭൂഗര്‍ഭ ഗതാഗതം എന്ന ആശയം കൊണ്ട് വന്നത്. അന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബിദ്ധന്‍ ചന്ദ്ര റോയ്‌യാണ് ആദ്യമായി ഈ ആശയം കൊണ്ടു വന്നത്. എന്നാല്‍ പിന്നീട് ഇത് നടപ്പിലാകാതെ പോകുകയായിരുന്നു. തുടര്‍ന്ന് 1971ലാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇതിന് തറക്കല്ലിടുകയും ചെയ്‌തത്.