കോറിയ (ഛത്തീസ്‌ഗഡ്): അവശനിലയില്‍ ആശുപത്രിയിലെത്തിയ രോഗിയെ ഡോക്‌ടറുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍. ആശുപത്രിയിലെ സ്ട്രെച്ചറിൽ കിടത്തി രോഗിയെ ഡോക്‌ടറുടെ വസതിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഛത്തീസ്‌ഗഡിലെ കോറിയയിലെ ബൈകുന്ത്പൂരിലുള്ള ജില്ലാ ആശുപത്രിയിലാണ് സംഭവം.
സംഭവം ചര്‍ച്ചയായതോടെ ആശുപത്രിലെ സിവില്‍ സര്‍ജന്‍ വിശദീകരണവുമായി രംഗത്തെത്തി. രോഗിക്ക് വിദഗ്‌ധ ചികിത്സ നല്‍കണമെന്ന് ആഗ്രഹിച്ചെത്തിയ കുടുംബം ആശുപത്രിയില്‍ നിന്ന് രോഗിയെ സ്ട്രെച്ചറിൽ കിടത്തി ഡോക്‌ടറുടെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സര്‍ജന്‍ പറഞ്ഞത്.
ഉച്ചക്ക് 1മണിക്ക് ഒ.പി.ഡി അടക്കുന്ന ആശുപത്രിയില്‍ 1.30നാണ് രോഗിയുമായി കുടുംബം എത്തിയത്. 2.30 വരെ ആശുപത്രിയില്‍ ഉണ്ടായിരുന്ന തന്നോട് ആരും ഇക്കാര്യം പറഞ്ഞില്ലെന്നും സിവില്‍ സര്‍ജന്‍ കെ.എല്‍ ധ്രുവ് പറഞ്ഞു. ആശുപത്രി അധികൃതരോട് കാര്യം തിരക്കിയപ്പോള്‍ ഒ.പി.ഡി അടച്ച ശേഷമാണ് രോഗിയുമായി കുടുംബം എത്തിയത് എന്നായിരുന്നു അധികൃതരുടെ മറുപടി. ഡോക്‌ടറുടെ വസതിയിലെത്തിയ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്‌ടര്‍ നിര്‍ദേശം നല്‍കി. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.