ബെംഗളൂരു: നവംബർ അവസാനത്തോടെ എല്ലാവർക്കും കൊവിഡ് വാക്സിനേഷൻ നൽകുമെന്ന് കർണാടക സർക്കാർ. കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകുമെന്ന് ഭാരത് ബയോടെക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. സംസ്ഥാനത്ത് സ്പുട്ടിന് വാക്‌സിന്‍റെ നിർമാണവും വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ ഹോം ഐസോലേഷൻ സൗകര്യം ഇല്ലാത്തതിനാൽ രോഗബാധിതരെ കൊവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റും. പ്രാദേശിക ടാസ്‌ക് ഫോഴ്‌സിന് ഇതിന്‍റെ ഉത്തരവാദിത്വം നൽകും. പ്രാദേശിക പ്രദേശങ്ങളിലെ രോഗബാധിരുടെ ആരോഗ്യ സ്ഥിതിയെ കൈകാര്യം ചെയ്യാൻ ബൂത്ത് ലെവൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: സൂപ്പര്‍ മാര്‍ക്കറ്റില്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ കേസ്
സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് കോടി ഡോസ് കൊവിഷീൽഡ് വാക്‌സിനുകൾക്കായി ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 95 ലക്ഷം ഡോസുകൾ ഇതിനകം നൽകിയിട്ടുണ്ട്. 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മുൻഗണന നൽകി ഒന്നും രണ്ടും ഡോസുകൾ വാക്സിനേഷൻ നൽകുന്നു. കേന്ദ്രം ഇതുവരെ 1,11,26,340 ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 9.50 ലക്ഷം ഡോസ് കൊവിഷീൽഡും 1,44,170 ഡോസ് കൊവാക്സിനും ലഭിച്ചു. ഇതുവരെ 1,13,61,234 ഡോസുകൾ വാക്സിനുകൾ നൽകി.
നവംബർ അവസാനത്തോടെ എല്ലാവർക്കും വാക്സിൻ നൽകാനാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,281 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 468 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 49,953 പേർക്ക് രോഗം ഭേദമായി. ബുധനാഴ്ച 58,395 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായത് 16,74,487 പേർക്കാണ്.