ബെംഗളൂരു: നിര്‍ബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ഉള്‍പ്പടെ കടുത്ത വ്യവസ്ഥകളുള്ള ബില്ലുമായി കര്‍ണാടക. വിവാദ മതപരിവർത്തന നിരോധന ബിൽ തിങ്കളാഴ്‌ച കർണാടക മന്ത്രിസഭ അംഗീകരിച്ചു. ചൊവ്വാഴ്‌ച ബില്‍ നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നതിനാൽ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണമുണ്ടായില്ല. ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷ പാർട്ടികളും ക്രൈസ്‌തവ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു.
'കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ, 2021' എന്ന് പേരിട്ടിരിക്കുന്ന ബില്‍ പ്രകാരം ദുർവ്യാഖ്യാനം, ബലപ്രയോഗം, വഞ്ചന, സ്വാധീനം, നിർബന്ധം, വിവാഹം എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നു.
മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, എസ്‌സി/എസ്‌ടി വിഭാഗത്തിലുള്ളവര്‍ എന്നിവരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത പിഴയും ലഭിക്കും.
Also read: ഓളപ്പരപ്പില്‍ ത്രസിപ്പിക്കും ചേസിങ്, 400 കോടിയുടെ ഹെറോയിനുള്ള പാക് ബോട്ട് പിടിച്ചത് അതിസാഹസികമായി
5 ലക്ഷം രൂപ വരെ നഷ്‌ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ബിൽ നിർദേശിക്കുന്നു. മറ്റൊരു മതത്തിലേക്ക് മാറുമ്പോള്‍ ജനന സമയത്ത് രേഖകളിലുള്ള മതത്തിന്‍റെ സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെടും.
എന്നാല്‍ സ്വീകരിക്കുന്ന മതത്തിന്‍റെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വ്യക്തികൾ രണ്ട് മാസം മുമ്പ് ഡെപ്യൂട്ടി കമ്മിഷണർക്ക് മുമ്പാകെ അപേക്ഷ നൽകണം.
മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ പാസാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. ബില്ലിനെതിരെ ജെഡിഎസും രംഗത്തെത്തിയിരുന്നു. ഇരു പ്രതിപക്ഷ പാർട്ടികളുടെയും എതിർപ്പോടെ ഭരണകക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത നിയമസഭ കൗൺസിലിൽ ബിൽ പാസാകുക എളുപ്പമല്ല.