ബെംഗളൂരു: പ്രസംഗത്തിനിടെയുണ്ടായ ബാങ്കുവിളിക്കെതിരെ വിദ്വഷ പരാമര്‍ശവുമായി കർണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. താൻ എവിടെ പോയാലും ബാങ്കുവിളി ഒരു തലവേദന ആയിട്ടാണ് തനിക്ക് അനുഭവപ്പെടുന്നത്. ഒരു ദിവസം സുപ്രീം കോടതി തന്നെ ഉത്തരവിലൂടെ ഈ ബാങ്കുവിളി അവസാനിപ്പിക്കും അതിൽ സംശയം വേണ്ടെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.
'ഈ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം': കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് ബിജെപി നടത്തുന്ന വിജയസങ്കൽപ യാത്രയുടെ ഭാഗമായി മംഗളൂരു കാവൂർ ശാന്തിനഗർ മൈതാനിയിലെ വേദിയില്‍ മാര്‍ച്ച് 12ന് സംസാരിക്കുമ്പോഴാണ് വിവാദ പ്രസംഗം. 'എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുള്ളത്. ഉച്ചഭാഷിണിയിലൂടെ ബാങ്കു വിളിച്ചാല്‍ മാത്രമേ പ്രാർഥന കേൾക്കുകയുള്ളൂ?. നമ്മുടെ ക്ഷേത്രങ്ങളിലും നാം ആരാധിക്കുന്നുണ്ട്. ശ്ലോകങ്ങള്‍ ചൊല്ലാറും ഭജനകള്‍ പാടാറുമുണ്ട്. നമുക്ക് മറ്റുള്ളവരേക്കാൾ ഭക്തിയുണ്ട്'.
എല്ലാ മതങ്ങളെയും രക്ഷിക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയാണ്. പക്ഷേ, മൈക്ക് ഇങ്ങനെ ഉച്ചത്തില്‍ ബാങ്കു വിളിക്കാന്‍ ഉപയോഗിക്കുകയാണെങ്കില്‍ അല്ലാഹു ചെവി കേള്‍ക്കാൻ കഴിയാത്ത ആളാണോ എന്ന് നമുക്ക് ചോദിക്കേണ്ടി വരും. അതിനാൽ ഈ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും കെഎസ് ഈശ്വരപ്പ പറഞ്ഞു. മുസ്‌ലിം മതത്തിനെതിരായുള്ള വംശീയ പരാമര്‍ശത്തില്‍ ബിജെപി അണികളില്‍ നിന്നും വലിയ കരഘോഷവും ആർപ്പുവിളിയുമാണ് ഉയര്‍ന്നത്.
വിദ്വേഷ പരാമര്‍ശത്തെ ന്യായീകരിച്ച് നേതാവ്: അതേസമയം, ബിജെപി നേതാവിന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സംസ്ഥാനത്ത് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാല്‍, ഇതിനെ ന്യായീകരിച്ച് രംഗത്തെത്തുകയാണ് ബിജെപി മുന്‍ മന്ത്രി ഈശ്വരപ്പ ചെയ്‌തത്. തന്‍റേത് സാധാരണക്കാരുടെ അഭിപ്രായമാണെന്നാണ് ബാങ്കുവിളിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെ വിവാദത്തോട് അദ്ദേഹം പ്രതികരിച്ചത്. ബിജെപിക്ക് മുസ്‌ലിം വോട്ടുകൾ ആവശ്യമില്ലെന്ന അദ്ദേഹം നടത്തിയ പ്രസ്‌താവനയേയും ഈശ്വരപ്പ ന്യായീകരിച്ചു. ബിജെപിക്ക് മുസ്‌ലിം വോട്ടുകൾ ആവശ്യമില്ലെന്നല്ല, പിഎഫ്‌ഐയേയും എസ്‌ഡിപിഐയേയും പിന്തുണയ്ക്കുന്ന മുസ്‌ലിങ്ങളുടെ വോട്ടുകൾ തങ്ങൾക്ക് ആവശ്യമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഈശ്വരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബാങ്കുവിളിയ്‌ക്ക് പിന്നില്‍ എന്ത് ? ദൈവത്തോട് പ്രാര്‍ഥിക്കാൻ സമയമായി എന്ന് വിശ്വാസികളെ അറിയിക്കാനുള്ള ഉപാധി മാത്രമാണ് ബാങ്കുവിളി. അല്ലാതെ ബിജെപി നേതാവ് അവകാശപ്പെടുന്നത് പോലെ ദൈവത്തെ പ്രീതി പെടുത്താനോ ദൈവത്തോട് എന്തെങ്കിലും കാര്യം വിളിച്ചു പറയുകയോ അല്ല ബാങ്കുവിളിയിലൂടെ ചെയ്യുന്നത്. അല്ലാഹു അക്ബര്‍ (ഏകനായ ദൈവം ഏറ്റവും വലിയവൻ), അശ്‌ഹദ് അൻലാ ഇലാഹ ഇല്ലല്ലാഹ് (ഏകനായ ദൈവം അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു), ഹയ അല സ്വലാത്ത് (നമസ്‌കാരത്തിലേക്ക് വരൂ) ഹയ അല ഫലാഹ് (വിജയത്തിലേക്ക് വരൂ) ലാ ഇലാഹ ഇല്ലല്ലാഹ് (ഏകനായ ദൈവം അല്ലാതെ മറ്റൊരു ദൈവം ഇല്ല) - ഇതാണ് ബാങ്കിലെ വരികള്‍. മസ്‌ജിദുകള്‍ക്ക് ചുറ്റും താമസിക്കുന്ന വിശ്വാസികള്‍ക്ക് കേള്‍ക്കാനാണ് ബാങ്ക് മൈക്കിലൂടെ വിളിക്കുന്നത്.