ബെംഗളൂരു : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 72.54 % പോളിങ്. 2018ല്‍ 72.13 ശതമാനമായിരുന്നു വോട്ടിംഗ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പോളിങ് 50 ശതമാനം കടന്നത്. അവസാന മണിക്കൂറുകളില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്തെ 5,8545 പോളിങ് ബൂത്തുകളില്‍ രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 224 നിയമസഭ സീറ്റുകളിലേക്കായിരുന്നു മത്സരം. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കനുസരിച്ച് 11.70 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് ദിനത്തില്‍ ചില സ്ഥലങ്ങളില്‍ അനിഷ്‌ട സംഭവങ്ങളുണ്ടായി.
വിജയപുര ജില്ലയിലെ മസബിനാലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തതിനും ബാലറ്റ് യൂണിറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്‌തതിന് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ട് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളില്‍ മരിച്ചു. ബെലഗാവി ജില്ലയിലെ ഒരു ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുന്ന സമയത്താണ് 70 കാരിയായ സ്‌ത്രീ മരിച്ചത്. ബെലൂരിലെ ചിക്കോളില്‍ വോട്ട് ചെയ്‌ത് മിനിറ്റുകള്‍ക്കകം 49കാരനായ ജയണ്ണ മരിച്ചു.
അതേസമയം കര്‍ണാടകയില്‍ ഭരണം തുടരാനായി ബിജെപിയും തിരിച്ചുവരവിനായി കോണ്‍ഗ്രസും അട്ടിമറിക്കായി ജെഡിഎസും നേരത്തെ വമ്പന്‍ പ്രചാരണ പരിപാടികളാണ് നടത്തിയിരുന്നത്.