കാണ്‍പുര്‍ (ഉത്തര്‍ പ്രദേശ്): കയ്യേറ്റ വിരുദ്ധ ഡ്രൈവിനെ തുടര്‍ന്ന് സ്‌ത്രീയും മകളും തീ കൊളുത്തി മരിച്ച സംഭവത്തില്‍ സ്‌ത്രീത്വത്തെ അവഹേളിക്കുന്ന പ്രസ്‌താവനയുമായി ബിജെപി നേതാവ്. സ്‌ത്രീകള്‍ക്ക് കാര്യങ്ങള്‍ കത്തിക്കുന്ന പ്രവണതയുണ്ടെന്നായിരുന്നു വനിത ശിശു വികസന സഹമന്ത്രി പ്രതിഭ ശുക്ലയുടെ ഭർത്താവും മുൻ എംപിയുമായ അനിൽ ശുക്ല വാർസിയുടെ പ്രസ്‌താവന. അതേസമയം സംഭവത്തെ അവഹേളിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടവര്‍ തെറ്റുകാരാണെന്നും പറഞ്ഞ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വ്യക്തമാക്കി അനിൽ ശുക്ല വാർസി വീണ്ടും രംഗത്തെത്തി.
സംഭവത്തില്‍ ഇരകള്‍ സ്വയം തീകൊളുത്തി ജീവൻ നഷ്‌ടപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരിക്കണം അവര്‍ ഉദ്യേശിച്ചത്. എന്തുതന്നെയായാലും ഇരകള്‍ കുറ്റക്കാരാണെന്ന് അനിൽ ശുക്ല വാർസി പറഞ്ഞു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ തീ കൊളുത്തി മരിച്ച പ്രമീള ദീക്ഷിത് തന്‍റെ കുടില്‍ പൊളിക്കാന്‍ വന്ന ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുന്നതായി കാണാമായിരുന്നു. തങ്ങളുടെ ജീവിത സാഹചര്യവും മറ്റും വ്യക്തമാക്കി ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കരയുന്നതായും വീഡിയോയിലുണ്ടായിരുന്നു.
ജില്ല ഭരണകൂടത്തിലെ അധികാരികള്‍ തന്‍റെ അപേക്ഷ കേള്‍ക്കാതെയാണ് കുടില്‍ പൊളിച്ചതെന്നും ബദല്‍ ക്രമീകരണത്തിന് സമയം നല്‍കിയില്ലെന്നും വീഡിയോയില്‍ പ്രമീള ദീക്ഷിത് പറയുന്നുണ്ട്. പൊളിച്ചുമാറ്റുന്നതിന് മുമ്പ് തങ്ങള്‍ക്ക് നോട്ടിസ് നല്‍കിയില്ലെന്നും തങ്ങള്‍ എവിടെ പോകുമെന്നും അവര്‍ പരാതിപ്പെടുന്നതായും വീഡിയോയില്‍ കാണാമായിരുന്നു.