പാമ്പുകൾക്ക് വേണ്ടിയും ഒരു ദിനമുണ്ട്. ജൂലൈ 16നാണ് ലോകത്താകമാനം പാമ്പ് ദിനമായി ആചരിക്കുന്നത്. അത് പാമ്പുകളെ അടിച്ചുകൊല്ലാനുള്ള ദിനമല്ല. നേരെമറിച്ച്, പാമ്പുകളോട് മനുഷ്യനുള്ള പേടി മാറ്റുക, പാമ്പുകളുടെ ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കുക എന്നിവയൊക്ക ലക്ഷ്യം വച്ചാണ് ജൂലൈ 16 ലോക പാമ്പ് ദിനമായി ആചരിച്ച് വരുന്നത്.
പാമ്പ് ഒരു സംഭവമാണ്
പാമ്പ് എന്നാൽ ചില്ലറക്കാരനൊന്നുമല്ല. ആവാസവ്യവസ്ഥയിൽ ചെറുതല്ലാത്ത ഒരു സ്ഥാനം കയ്യാളുന്ന ഒന്നാണ് പാമ്പുകൾ. കൂടാതെ, ഭക്ഷ്യശൃംഖലയുടെ കാര്യമെടുത്താലും മനുഷ്യന് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്ന ജീവികളിൽ ഒന്നാണ് പാമ്പുകളെന്നും മനസിലാകും.
പാമ്പുകളുടെ പ്രധാന ഭക്ഷണം എലികളും പ്രാണികളുമൊക്കെയാണ്. മനുഷ്യരിലേക്ക് പലതരം രോഗങ്ങൾ പരത്താൻ സാധ്യതയുള്ള ഇത്തരക്കാരെ ശാപ്പാടാക്കി പാമ്പ് മനുഷ്യന് ചെയ്‌തുതരുന്ന സഹായത്തെ ഓർക്കാതിരിക്കരുത്. രോഗം പരത്തുന്നത് മാത്രമല്ല ഇത്തരം ജീവികൾ ചെയ്യുക, പക്ഷെ ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ വലിയൊരു ശതമാനവും എലികളും പ്രാണികളുമൊക്കെ നശിപ്പിക്കുകയോ തിന്നുകയോ ആണ് ചെയ്യുന്നതെന്നും പഠനങ്ങൾ കാണിക്കുന്നുണ്ട്.
പാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലാതെ വിട്ടാൽ മലയാളികൾക്ക് ഒരു സമാധാനം ഉണ്ടാകില്ല. എവിടെ പാമ്പിനെ കണ്ടാലും, ആർക്കും ഒരു ശല്യവുമുണ്ടാക്കാതെ അതിന്‍റെ പാട്ടിന് പോവുകയാണെങ്കിലും കയ്യിൽ കിട്ടിയതുമായി ചാടി വീണ് അതിന്‍റെ തലയ്ക്കിട്ട് ഒന്ന് കൊടുത്തില്ലെങ്കിൽ മലയാളികൾക്ക് ഉറങ്ങാൻ ഒരു ബുദ്ധിമുട്ടാണ് എന്ന് തന്നെയാണ് പറഞ്ഞുവരുന്നത്.
അത് ഇനി വിഷമുള്ള പാമ്പാണോ വിഷമില്ലാത്തതാണോ എന്നൊന്നും നോക്കാതെ കൺ മുന്നിൽ കണ്ടാൽ ആദ്യം അടി, പിന്നെ നോട്ടം അതാണ് മലയാളികളുടെ ഒരു ലൈൻ. ചേരയേപ്പോലും നമ്മൾ വെറുതെ വിടാറില്ല. ആർക്കും ശല്യമുണ്ടാക്കാതെ നാണംകുണുങ്ങി ഇഴഞ്ഞുനീങ്ങുന്ന ഒരു പേടിത്തൊണ്ടനാണ് ചേര. ഈ വിനോദം കേരളത്തെ കൊണ്ടെത്തിച്ചതാകട്ടെ എലിപ്പനി പോലെയുള്ള രോഗങ്ങളിലേക്കാണെന്നും കൂടി ഓർക്കാം നമുക്ക്.
എല്ലാവരും പ്രശ്‌നക്കാരല്ല, ആളെക്കൊല്ലികൾ നാല്
ലോകത്താകെ ഏകദേശം 35,000 പാമ്പുവർഗങ്ങളാണുള്ളത്. ഇതിൽ തന്നെ 600 എണ്ണമാണ് വിഷമുള്ളവ. ആ 600ൽ ഇന്ത്യയിൽ കണ്ടുവരുന്നത് 330 എണ്ണത്തെയാണ്. അത് ചുരുക്കി കേരളത്തിലേക്ക് വന്നാൽ ആളെ കൊല്ലാൻ മാത്രം കഴിവുള്ളവ പ്രധാനമായും നാലെണ്ണമാണ്. ശംഖുവരയൻ, മൂർഖൻ, രാജവെമ്പാല, അണലി എന്നിവരാണ് കേരളത്തിലെ ആളെക്കൊല്ലികൾ എന്ന് വിളിക്കാവുന്നവ.
ഇവയിൽ രാജാവ് രാജവെമ്പാല തന്നെയാണ്. ചുമ്മാ അങ്ങ് ചാർത്തി കിട്ടിയ പേരൊന്നുമല്ല ഉരഗങ്ങളിലെ രാജാവ് എന്നത്. ഒരൊറ്റ കടിക്ക് ഒരാനയെ വരെ കൊല്ലാൻ ശേഷിയുള്ള പാമ്പാണ് രാജവെമ്പാല. എന്നാലോ രാജവെമ്പാല കടിച്ചുള്ള മരണം അത്യപൂർവവുമാണ്.
മൂർഖൻ, അണലി തുടങ്ങിയ വിഷപാമ്പുകളെ പോലെ ജനവാസ മേഖലയിൽ പൊതുവേ രാജവെമ്പാലകൾ പ്രത്യക്ഷപ്പെടാറില്ല. ഇവയുടെ കടിയേറ്റ സംഭവങ്ങൾ അപൂർവ്വമായതും അതുകൊണ്ടാണ്. ആഹാരത്തിനോ ആത്മരക്ഷക്കോ അല്ലാതെ ആക്രമിക്കുന്ന സ്വഭാവവുമില്ല രാജവെമ്പാലക്ക്. മനുഷ്യനെ കണ്ടാലും ഒഴിഞ്ഞു പോകും. എന്നാൽ മുട്ടയിടുന്ന കാലത്ത് പൊതുവേ ഇവ ആക്രമണകാരികളാണ് താനും. മഴക്കാടുകളിലാണ് പൊതുവേ ഇവയുടെ വാസം. ചൂട് കൂടുന്ന കാലത്താണ് ജനവാസ മേഖലയിൽ ഇവയെ കാണാൻ സാധിക്കുക.
ഒരു കടിയിൽ ശരാശരി 400 മില്ലിലിറ്റർ മുതൽ 600 മില്ലിലിറ്റർ വരെ വിഷം ശത്രുവിന്‍റെ ശരീരത്തിലേക്ക് രാജവെമ്പാല കടത്തിവിടും. നാഡീവ്യൂഹത്തിലാണ് വിഷം പ്രവർത്തിക്കുക. അരയിഞ്ചു നീളമുള്ള പല്ല് കൊണ്ടാണ് ഇവ വിഷം കുത്തിവയ്ക്കുക.
ശ്വാസകോശത്തിന്‍റെ പ്രവർത്തനം കുറഞ്ഞ നേരം കൊണ്ട് തകരാറിലാകും. 15 മിനിട്ടിനുള്ളിൽ മനുഷ്യൻ മരണപ്പെടും. ഈ സമയത്തിനകം ഇൻകുബേറ്റഡ് വെന്‍റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കണം. രാജവെമ്പാലയുടെ ആന്‍റിവെനത്തിന്‍റെ ഉത്പാദനം ചെലവേറിയതായതിനാൽ മിക്ക രാജ്യങ്ങളിലും ഇതിന്‍റെ ഉത്പ്പാദനം കുറവാണ്. മറ്റ് മൂന്ന് പാമ്പുകളിൽ നിന്നും വ്യത്യസ്‌തമായി പകൽ സമയത്താണ് രാജവെമ്പാല ഇരതേടി ഇറങ്ങുക.
ജാഗ്രത അത്യാവശ്യം
ശംഖുവരയൻ, മൂർഖൻ, അണലി എന്നീ പാമ്പുകൾ രാത്രി ഇരതേടി ഇറങ്ങുന്നതിനാൽ രാത്രികാലങ്ങളിൽ കുറച്ച് ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മനുഷ്യൻ പാമ്പുകളെ പേടിക്കുന്നതിന്‍റെ വളരെയധികം അവ മനുഷ്യനെ പേടിക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ആർക്കും ശല്യം ചെയ്യാതെ സഞ്ചരിക്കുക, വിശന്നാൽ ഇരതേടുക, വയറുനിറഞ്ഞാൽ വിശ്രമിക്കുക, ഇതാണ് പാമ്പുകളുടെ രീതി. വെറുതെ സ്വന്തം കാര്യം നോക്കി പോകുന്ന പാമ്പുകളെ ശല്യം ചെയ്യാൻ പോകുമ്പോളാണ് കടി കിട്ടുന്നതും.
രാത്രി സഞ്ചാരികൾ വെളിച്ചം കയ്യിൽ കരുതുക, പാദം കൊണ്ടോ കയ്യിൽ കരുതുന്ന വടികൊണ്ടോ ശബ്‌ദം ഉണ്ടാക്കി നടക്കുക, കട്ടിയുള്ള ഷൂ ധരിക്കുക, കഴിയുന്നതും രാത്രി കാലങ്ങളിൽ ഞെരിയാണിക്ക് മുകളിൽ വരെയെത്തുന്ന തരത്തിലുള്ള ഷൂ ധരിക്കുക എന്നിവയിലൂടെയൊക്കെ പാമ്പുകടിയിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാം എന്നാണ് വിദഗ്‌ദർ അഭിപ്രായപ്പെടുന്നത്.
ഡ്രൈ ആണെങ്കിൽ മരിക്കില്ല
പാമ്പ് കടിച്ചാൽ പകുതി ജീവൻ പേടി കൊണ്ടാണ് പോകുന്നത് എന്നത് സത്യതായ ഒരു കാര്യമാണ്. എന്നാൽ ഒരു വിഷപ്പാമ്പ് കടിച്ചാൽ മിക്കവാറും അത് 'ഡ്രൈ ബൈറ്റ്' ആവാനാണ് സാധ്യത. അതായത്, വിഷമില്ലാത്ത കടി. ഇത് ശല്യക്കാരെ ഒന്ന് പേടിപ്പിച്ചുവിടാൻ വേണ്ടി പാമ്പുകൾ ചെയ്യുന്നതാണ്.
എന്നാലും, ഇനി പാമ്പ് കടിയേറ്റാൽ അത് ഡ്രൈ ബൈറ്റ് അണോ അതോ വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ കടിയേറ്റാൽ ഉടനടി ചികിത്സ തേടുന്നത് തന്നെയാണ് ഉത്തമം.
Also Read: ഉരഗ രാജാവ്; കടിക്കുന്നത് അപൂർവം, കടിച്ചാല്‍ വേണ്ടത് അതിവേഗ ചികിത്സ