ന്യൂഡൽഹി : എൻഡിഎയെ പിന്തുണച്ച് എച്ച് എ എം (ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ) പാർട്ടി. എച്ച് എ എം സ്ഥാപകൻ ജിതൻ റാം മാഞ്ചിയും പാർട്ടി അധ്യക്ഷൻ സന്തോഷ് കുമാർ സുമനും എൻഡിഎയിൽ ചേർന്നു. ഇന്നലെ ന്യൂഡൽഹിയിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം.
ബിഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നതായി തിങ്കളാഴ്‌ച (19.6.2023) എച്ച് എ എം നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ശേഷമാണ് രണ്ട് നേതാക്കളും അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്‌ച നടത്തിയത്.
സീറ്റ് വിഭജനം പിന്നീട് ഇപ്പോൾ പിന്തുണ : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾ എന്‍ഡിഎയ്‌ക്ക് ഒപ്പം നിന്ന് പോരാടും. സംഖ്യ കക്ഷി എന്ന നിലയിൽ സീറ്റ് വിഭജനം ഉൾപ്പടെയുള്ള വിവിധ വശങ്ങൾ തങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്നും ജിതൻ റാം മാഞ്ചി പറഞ്ഞു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും മത്സരിക്കാൻ പാർട്ടിക്ക് താത്‌പര്യമുണ്ടെന്നും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ശേഷിയുള്ള 15 സീറ്റുകൾ കണ്ടെത്തിയെന്നും മാഞ്ചി അറിയിച്ചിരുന്നു.
എച്ച് എ എം ലയിപ്പിക്കാൻ നിതീഷ് കുമാറിന്‍റെ ജെഡിയുവിൽ നിന്നുള്ള സമ്മർദം ആരോപിച്ച് ജൂൺ 13ന് സംസ്ഥാന മന്ത്രിസഭയിൽ നിന്ന് സുമൻ രാജി വച്ചിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെ ബി ജെ പിക്ക് വേണ്ടി 'മഹാഗത്‌ബന്ധൻ (ജെഡിയു, ആർജെഡി, കോൺഗ്രസ്) സഖ്യകക്ഷികളുടെ മേൽ ചാരപ്പണി നടത്തി' എന്ന് മുൻ മുഖ്യമന്ത്രി കൂടിയായ മാഞ്ചിയെ പറ്റി നിതീഷ് കുമാർ ആരോപിച്ചിരുന്നു. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ മഹാഗത്‌ബന്ധന് 164 എംഎൽഎമാരാണുള്ളത്. അതേസമയം എച്ച്‌എഎമ്മിന് ആകെയുള്ളത് നാല് എംഎൽഎമാർ മാത്രമാണ്.
പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് നിതീഷ് കുമാർ : അതേസമയം പ്രതിപക്ഷ ഐക്യത്തിൽ ഭരണകക്ഷിയായ ബിജെപി ഭയപ്പെടുന്നുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ഭയമാണ് പ്രതിപക്ഷത്തിന് ഊർജം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് നേതൃത്വം നല്‍കുന്നതില്‍ മുന്‍നിരയിലാണ് നിതീഷ് കുമാര്‍. പ്രതിപക്ഷം ശക്തി പ്രാപിക്കുന്നതായി കേന്ദ്രത്തിലുള്ളവർക്ക് മനസിലായിട്ടുണ്ടെന്നും ബിജെപിയെ എതിർക്കുന്ന എല്ലാ പാർട്ടികളും ജൂൺ 23 ന് പട്‌നയിൽ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : Opposition Unity | 'പ്രതിപക്ഷ ഐക്യത്തില്‍ ബിജെപി ഭീതിയില്‍' ; ആത്മവിശ്വാസം പങ്കുവച്ച് നിതീഷ് കുമാര്‍