ബോളിവുഡ് താരം ജാന്‍വി കപൂറിന്‍റെ (Janhvi Kapoor) വരാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'ദേവര' (Devara). കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറുമാണ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
'ദേവര'യുടെ ഷെഡ്യൂളുമായി ബന്ധപ്പെട്ടുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നുത്. 'ദേവര'യുടെ രണ്ടാം ഷെഡ്യൂളിലേയ്‌ക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ജാന്‍വി കപൂര്‍. താരത്തോടടുത്ത വൃത്തമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ജാന്‍വി കപൂറിന്‍റെ 'ദേവര'യുടെ രണ്ടാം ഷൂട്ടിങ് ഷെഡ്യൂള്‍ ഒക്‌ടോബര്‍ 24ന് ആരംഭിക്കും. മൂന്ന് ദിവസമായിരുന്നു ദേവരയുടെ ആദ്യ ഷെഡ്യൂളില്‍ ജാന്‍വിയ്‌ക്ക്. ദേവരയുടെ രണ്ടാം ഷെഡ്യൂളിലേയ്‌ക്ക് കടക്കുന്നതിന് മുമ്പായി ജാന്‍വി കപൂര്‍ തന്‍റെ ഗോവയിലെ പ്രോജക്‌ടിന്‍റെ തിരക്കിലായിരിക്കും. ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ച ഷെഡ്യൂള്‍ ജനുവരി വരെ മൂന്ന്, നാല് മാസം വരെ നീണ്ടു നില്‍ക്കും.' -ഇപ്രകാരമാണ് താരത്തോടടുത്ത വൃത്തം വ്യക്തമാക്കിയത്.
Also Read: Jr NTR Prashanth Neel Movie : ജൂനിയർ എൻടിആര്‍ പ്രശാന്ത് നീല്‍ ചിത്രം അടുത്ത വര്‍ഷം
ജാന്‍വി കപൂറിന്‍റെ തെലുഗു അരങ്ങേറ്റം കൂടിയാണ് 'ദേവര'. ഇതാദ്യമായാണ് ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി കപൂര്‍ വേഷമിടുന്നത്. സെയ്‌ഫ് അലി ഖാനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ പ്രതിനായകന്‍റെ വേഷത്തിലാണ് സെയ്‌ഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുക. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. ആർ രത്നവേലു ഛായാഗ്രഹണവും നിർവഹിക്കും.
രണ്ട് ഭാഗങ്ങളായാണ് 'ദേവര' റിലീസ് ചെയ്യുക. സിനിമയുടെ ആദ്യ ഭാഗം 2024 ഏപ്രിൽ 5ന് റിലീസ് ചെയ്യും. അതേസമയം സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
എന്തുകൊണ്ട് 'ദേവര' രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്നു എന്നതിന് സംവിധായകന് വ്യക്തമായ ഉത്തരമുണ്ട്. രണ്ട് ഭാഗമാക്കാന്‍ 'ദേവര' ടീമിനെ പ്രേരിപ്പിച്ച ഘടകത്തെ കുറിച്ചും സംവിധായകന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം.
'ദേവരയുടെ ലോകം പുതിയതാണ്. വളരെ അധികം സ്ട്രിങ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണ് ദേവര. രണ്ട് ഷെഡ്യൂളുകൾക്ക് ശേഷം, ഷൂട്ട് ചെയ്‌തതെല്ലാം വളരെ പ്രധാനപ്പെട്ടതായിരുന്നതിനാല്‍ എഡിറ്റ് ടേബിളിൽ എത്തിയപ്പോള്‍, അതില്‍ നിന്നും എന്ത് വെട്ടിക്കളയണമെന്ന് തീരുമാനിക്കാൻ ടീമിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. തുടര്‍ന്ന് ടീം അംഗങ്ങള്‍ ദേവരയെ ഒരു ഡ്യുവോളജി (duology - രണ്ട് ഭാഗങ്ങള്‍) ആയി വികസിപ്പിക്കാന്‍ ഏകകണ്‌ഠമായി തീരുമാനിച്ചു.' -ഇപ്രകാരമായിരുന്നു കൊരട്ടല ശിവയുടെ വാക്കുകള്‍.
അതേസമയം രാജ്‌കുമാര്‍ റാവുവിനൊപ്പമുള്ള 'മിസ്‌റ്റർ ആൻഡ് മിസിസ് മഹി', ഗുൽഷൻ ദേവയ്യക്കൊപ്പമുള്ള 'ഉലജ്' എന്നിവയാണ് ജാന്‍വിയുടെ മറ്റ് പുതിയ പ്രോജക്‌ടുകള്‍. 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിന്‍റെ പുതിയ പാൻ ഇന്ത്യന്‍ ചിത്രമാണ് ജൂനിയർ എൻടിആറിന്‍റെ പുതിയ പ്രോജക്‌ട്.