ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം 2018, 2019 വര്‍ഷങ്ങളേക്കാള്‍ 15 ശതമാനം വര്‍ധനവാണ് 2020ല്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സ്‌ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
തുടര്‍ച്ചയായ ലോക്ക്‌ഡൗണാണ് ഗാര്‍ഹിക, ലൈംഗിക പീഡനം ഉള്‍പ്പെടെ സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്നാണ് വനിത അവകാശ പ്രവര്‍ത്തകരുടെ വാദം. പ്രശ്‌ന പരിഹാര സംവിധാനങ്ങളുടെ അപര്യാപ്‌തതയും ഇതിന് കാരണമായെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു.
11 ശതമാനം വര്‍ധനവ്
ഐപിസി, എസ്‌എല്‍എല്‍ അനുസരിച്ച് 29,314 പേര്‍ക്കെതിരെയാണ് 2020ല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. 2018 ല്‍ 27,276 കേസുകളും 2019ല്‍ 25,408 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പതിനൊന്ന് ശതമാനം വര്‍ധനവാണുണ്ടായത്.
243 ബലാത്സംഗ കേസുകളും സ്‌ത്രീധന മരണവുമായി ബന്ധപ്പെട്ട് 9 കേസുകളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങളുള്‍പ്പെടെ സ്‌ത്രീകള്‍ക്ക് നേരെയുള്ള 15 ലൈംഗികാതിക്രമ കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തത്.
ലോക്ക്ഡൗണില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു
2019ല്‍ സര്‍ക്കാര്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പലര്‍ക്കും ജോലി നഷ്‌ടപ്പട്ടു. ഇതിനൊപ്പം സാമ്പത്തിക സ്ഥിതിയും മോശമായതോടെയാണ് സ്‌ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വക്‌താവ് ഇഫ്ര ജാന്‍ പറഞ്ഞു. ഒരേയൊരു വനിത കമ്മിഷന്‍ കൂടി സര്‍ക്കാര്‍ അടച്ച് പൂട്ടിയതോടെ പ്രശ്‌ന പരിഹാരത്തിന് സ്‌ത്രീകള്‍ക്ക് സമീപിക്കാന്‍ ഒരിടമില്ലാതായെന്നും അവര്‍ വ്യക്തമാക്കി.
കൊലപാതകങ്ങളും വര്‍ധിച്ചതായാണ് എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ 119 കൊലപാതകങ്ങളാണ് നടന്നതെങ്കില്‍ 2020ല്‍ 149 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതായത് 25 ശതമാനമാണ് വര്‍ധനവ് ഉണ്ടായത്.
കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2020ല്‍ 606 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2018ല്‍ 473 ഉം 2019ല്‍ 470 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 472 ആത്മഹത്യ ശ്രമങ്ങളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതം
അതേസമയം, വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായ സ്ഥലമാണ് കശ്‌മീരെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സീറോ കേസുകളാണ് കശ്‌മീരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിനോദസഞ്ചാരികല്‍ക്ക് നേരെ ലൈംഗികാതിക്രമമോ മറ്റേതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളോ നടന്നിട്ടില്ലെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കെതിരെ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.