ചെന്നൈ: യുവാക്കളുടെ പല്ല് ഇരുമ്പ് പ്ലയര്‍ ഉപയോഗിച്ച് പിഴുതെടുത്ത സംഭവത്തില്‍ അസിസ്‌റ്റന്റ് പൊലീസ് സൂപ്രണ്ടിന്‍റെ (എഎസ്‌പി ) കസേര തെറിച്ചു. കസ്‌റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല് ഇരുമ്പ് പ്ലയര്‍ ഉപയോഗിച്ച് പറിച്ചെടുത്തുവെന്ന സംഭവത്തില്‍ അംബാസമുദ്രം സബ് ഡിവിഷൻ അസിസ്‌റ്റന്റ് സൂപ്രണ്ട് ബാല്‍വീര്‍ സിങിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റി കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കസ്‌റ്റഡി മര്‍ദനത്തില്‍ അന്വേഷണം നടത്തിയ സൗത്ത് സോണ്‍ ഐജി അസ്ര ഗാര്‍ഗ് കൈമാറിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി സി. ശൈലേന്ദ്ര ബാബുവിന്‍റെ നടപടി.
ബാല്‍വീര്‍ സിങിനെ മാറ്റിയതിനെ തുടര്‍ന്ന് സബ് ഡിവിഷനിലേക്ക് മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ സൗത്ത് സോൺ ഐജിക്ക് പ്രദേശത്തിന്‍റെ അധിക ചുമതല നല്‍കിക്കൊണ്ടുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും പൊലീസ് മേധാവി ഉത്തരവില്‍ വ്യക്തമാക്കി. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം യുവാക്കള്‍ക്ക് നേരെയുള്ള കസ്‌റ്റഡി മര്‍ദനത്തെ അപലപിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാജി സുഭാഷ് സേന, പുരട്ചി ഭാരതം കാച്ചി എന്നീ സംഘടനകളും അറിയിച്ചു.
ക്രൂരത ഇങ്ങനെ: പെറ്റിക്കേസില്‍ കുരുങ്ങി സ്‌റ്റേഷനിലെത്തിയപ്പോഴാണ് എഎസ്‌പി തങ്ങളെ മര്‍ദിച്ചതെന്ന് ആക്രമണത്തിനിരയായ യുവാവ് പറഞ്ഞു. അദ്ദേഹം കയ്യുറ ധരിച്ച് എന്‍റെ അടുത്തെത്തി. തുടര്‍ന്ന് വായില്‍ കല്ല് തിരുകികയറ്റി. തുടര്‍ന്ന് മറ്റൊരു കല്ലുപയോഗിച്ച് തന്‍റെ പല്ല് തകര്‍ക്കുകയായിരുന്നുവെന്ന് യുവാവ് അറിയിച്ചു. മാത്രമല്ല അടുത്തിടെ വിവാഹിതനായ തന്‍റെ സഹോദരന്‍ മാരിയപ്പന്‍റെ ജനനേന്ദ്രിയം എഎസ്‌പി തകര്‍ത്തുവെന്നും യുവാവ് വെളിപ്പെടുത്തി. നിലവില്‍ അദ്ദേഹത്തിന് ഭക്ഷണം കഴിക്കാന്‍ പോലുമാവാതെ കിടപ്പിലാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
പരാതികള്‍ തീരുന്നില്ല: അംബാസമുദ്രം സബ് ഡിവിഷനിൽ എഎസ്‌പി ബാല്‍വീര്‍ സിങ് ഇത്തരത്തില്‍ നിരവധി പേരെ ആക്രമിച്ചിട്ടുണ്ടെന്നും പല്ല് പറിച്ചെടുക്കലാണ് ഇയാളുടെ പ്രാഥമിക പീഡന മാർഗമെന്നും നേതാജി സുഭാഷ് സേന ഭാരവാഹി അഡ്വ.മഹാരാജനും അറിയിച്ചു. മര്‍ദനത്തിനിരയായ ചെല്ലപ്പന് എഎസ്‌പിയുടെ അതിക്രമത്തില്‍ മൂന്ന് പല്ലുകളാണ് നഷ്‌ടപ്പെട്ടതെന്നും പൊലീസുകാര്‍ പിടികൂടിയ ശേഷം ബാല്‍വീര്‍ സിങ് തന്നെയാണ് ഇയാളുടെ പല്ല് ഇരുമ്പ് പ്ലയര്‍ ഉപയോഗിച്ച് പറിച്ചെടുത്തതെന്നും അഡ്വ.മഹാരാജന്‍ വ്യക്തമാക്കി.
എഎസ്‌പിക്ക് പല്ല് പിഴുതെടുക്കുന്നതില്‍ വ്യഗ്രതയാണെന്നും അംബാസമുദ്രത്തിൽ തന്നെ 40 പേരെ അദ്ദേഹം ഇത്തരത്തില്‍ മര്‍ദിച്ചിട്ടുണ്ടെന്നും അഡ്വ.മഹാരാജന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഐപിഎസ് ഉദ്യോഗസ്ഥനെ അറസ്‌റ്റ് ചെയ്ത് സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നാലെ അന്വേഷണവും: 2022 ഒക്‌ടോബർ 15നാണ് ബാല്‍വീര്‍ സിങിനെ അംബാസമുദ്രത്തിലേക്ക് നിയമിക്കുന്നത്. 2020 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സിങ്, പ്രശസ്‌തമായ ബോംബെ ഐഐടിയിലെ പൂർവ വിദ്യാർഥി കൂടിയായാണ്. അതേസമയം ബൽവീർ സിങ്ങിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ജില്ല കലക്‌ടർ കാർത്തികേയൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Also Read: വീടിനു മുന്നില്‍ മൂത്രമൊഴിച്ചു: എതിര്‍ത്തതിന് മര്‍ദനം, ഒടുവില്‍ മൂന്നു പൊലീസുകാർക്ക് സസ്പെന്‍ഷന്‍